●രാവിലെ 7 മുതല്‍ വോട്ടെടുപ്പ് തുടങ്ങും

ആലപ്പുഴ: 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് (ഡിസംബർ 8) രാവിലെ 7 മണി മുതൽ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ (ഡിസംബർ 7) 18 കേന്ദ്രങ്ങളിലായി നടന്നു. രാവിലെ 8 മണിയോടെ വിതരണകേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി തുടങ്ങി. കോവിഡ് പശ്ചാത്തലില്‍ തിരക്ക് കുറയ്ക്കുന്നതിന് ഓരോ പഞ്ചായത്തുകള്‍ക്കും വിതരണ കേന്ദ്രത്തില്‍ പ്രത്യേക സമയം അനുവദിച്ചിരിന്നു. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായാണ് വിതരണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പി പിഇ കിറ്റും വിതരണ കേന്ദ്രങ്ങളിൽനിന്ന് നൽകി. വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണനും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ വിവിധ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. പോളിംഗ് വിവരങ്ങള്‍ അതത് സമയം കൈമാറുന്നതിന് എന്‍ഐ സിയുടെ പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും ആപ്പ് ഉപയോഗിച്ച് വിവരങ്ങല്‍ അപ്പപ്പോള്‍ എന്റര്‍ചെയ്യാന്‍ കഴിയും. പോളിങ് ബൂത്തില്‍ നിന്നുള്ള വിവരങ്ങള്‍ അതത് സമയത്ത് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കാനുമുള്ള സജ്ജീകരണം തയ്യാറാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരെല്ലാം തന്നെ തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിടുള്ള പോളിങ് ബൂത്തുകളിലെത്തി ക്രമീകരണങ്ങള്‍ നടത്തി.

പോളിംഗ് ഡ്യൂട്ടികള്‍ക്കായി 11,355 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2271 പേരെ റിസര്‍വില്‍ നിര്‍ത്തിയിട്ടുണ്ട്. ജില്ല പോലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളായി തിരിച്ച് ഡിവൈ.എസ്.പിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യവും ഏര്‍പ്പെടുത്തി.

വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരെയാണ്. ഡിസംബര്‍ ഏഴിന് വൈകിട്ട് 3 മണിക്ക് ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഡിസംബര്‍ എട്ടിന് വൈകിട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തിയാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ആറ് മണിക്ക് ക്യൂവില്‍ നിലവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കും. അതുവരെ വന്ന എല്ലാ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്തതിന് ശേഷമാണ് കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം. നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി കോവിഡ് രോഗികള്‍ വൈകീട്ട് അഞ്ചിനു ശേഷം ആറുമണിക്ക് മുമ്പ് പോളിങ് ബൂത്തിലെത്തേണ്ടതാണ്.

കോവിഡ് രോഗികള്‍ പിപിഇ കിറ്റ് ഇട്ടാണ് പോളിങ് ബൂത്തിലെത്തേണ്ടത്. 19 സി ഫോറത്തിൽ ഡെസിഗ്നേറ്റഡ് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റും കോവിഡ് രോഗി ഹാജരാക്കണം. ജില്ലയില്‍ ആകെ 2271 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 1989 പഞ്ചായത്തുകളിലും 282 എണ്ണം നഗരസഭകളിലുമാണ്.

വോട്ടെടുപ്പ് ദിവസം

സമ്മതിദായകർ ഒഴികെ തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിയമാനുസൃതമായ പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

വോട്ട് ചെയ്യാന്‍ പോളിങ് ബുത്തില്‍ എത്തുന്ന സമ്മതിദായകന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം.
പഞ്ചായത്തിനെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിയോ മുൻസിപ്പാലിറ്റിയെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷനിൽ 100 മീറ്റർ പരിധിയിലോ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക് ഉപയോഗിക്കുവാൻ പാടില്ല.

വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുൻപുള്ള 48 മണിക്കൂറിലും വോട്ട് എണ്ണുന്ന ദിവസവും മദ്യം നൽകുകയോ വിതരണം ചെയ്യുകയോ പാടില്ല.

സംഘട്ടനവും സംഘർഷവും ഒഴിവാക്കുന്നതിനായി, പോളിംഗ് ബൂത്തുകൾക്ക് സമീപവും രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും നിർമ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും ആൾക്കൂട്ടം ഒഴിവാക്കേണ്ടതാണ്. സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാട രഹിതമാണെന്ന് ഉറപ്പുവരുത്തണം. ക്യാമ്പുകളിൽ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യാൻ പാടില്ല. വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെർമിറ്റ് വാങ്ങി അതാത് വാഹനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്.

വോട്ടര്‍മാര്‍

ജില്ലയിലാകെ 17,82,587 വോട്ടര്‍മാരാണുളളത്. സ്ത്രീ വോട്ടര്‍മാര്‍ 9,43,588, പുരുഷ വോട്ടര്‍മാര്‍ – 8,38,988, മറ്റുള്ളവര്‍ (T.G)-11

72 ഗ്രാമ പഞ്ചായത്തുകളില്‍ ആകെ വോട്ടര്‍മാര്‍ 14,83,696.

ആറ് നഗരസഭകളിലായി ആകെ 2,98,891 വോട്ടര്‍മാര്‍

ഗ്രാമ പഞ്ചായത്തുകളിലെ പുരുഷ വോട്ടര്‍മാര്‍ 6,98,341, സ്ത്രീവോട്ടര്‍മാര്‍ – 7,85,346 , മറ്റുള്ളവര്‍ (T.G) – 9

നഗരസഭകളിലെ പുരുഷ വോട്ടര്‍മാര്‍-1,40,647, സ്ത്രീ വോട്ടര്‍മാര്‍ – 1,58,242, മറ്റുള്ളര്‍ – 02

നഗരസഭകളില്‍ ആകെ 9318 പുതിയ വോട്ടര്‍മാരാണ് ഉള്ളത്.

ഗ്രാമ പഞ്ചായത്തുകളിലെ പുതിയ വോട്ടര്‍ – 43567