തൃശ്ശൂർ:പുതിയ ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്നതോടെ അവര്‍ക്ക് പരിശീലനം നല്‍കാന്‍ കില തയ്യാറെടുക്കുന്നു. ഡിസംബര്‍ 21 നു സത്യപ്രതിജ്ഞയും അധ്യക്ഷ തിരഞ്ഞെടുപ്പും കഴിഞ്ഞാലുടന്‍ തന്നെ പരിശീലനങ്ങള്‍ ആരംഭിക്കും. ഇത്തവണ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള മോഡ്യൂളുകളുടെ അടിസ്ഥാനത്തിലാകും പരിശീലനം. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മുഖേനയാകും പരിശീലനം. ലൈവ് സ്ട്രീം ചെയ്യുന്ന വീഡിയോ സെഷനുകള്‍ക്കുശേഷം ചോദ്യോത്തരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള സമയമുണ്ടാകും. പ്രാഥമിക പരിശീലനത്തില്‍ പൊതുഭരണം, ആസൂത്രണം, ധനകാര്യ മാനേജ്മന്റ്, പൊതുമരാമത്ത്, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ നീതി, സ്ത്രീ ശാക്തീകരണവും ലിംഗനീതിയും തുടങ്ങിയ വിഷയങ്ങള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഇവയുടെ എല്ലാം അടിസ്ഥാന വിവരങ്ങളാണ് പ്രതിപാദിക്കുക. തുടര്‍ന്ന് ഓരോ വിഷയങ്ങളിലും വിശദമായ പരിശീലനങ്ങളും ഉണ്ടാകും. പരിശീലനത്തിനാവശ്യമായ കൈപ്പുസ്തകങ്ങളും തയ്യാറായി വരുന്നു.
പ്രാഥമിക പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ 2021-22 ലേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കുവാനും ബജറ്റ് തയ്യാറാക്കാനുമുള്ള പരിശീലനവും ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പും നടന്നു വരുന്നു. വിവിധ സ്റ്റാന്റിംഗ്കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടിയുള്ള വിശദമായ പരിശീലനവും വനിതാ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിശീലനത്തിനും സംഘടിപ്പിക്കും.