എറണാകുളം ബ്രോഡ്‌വേ റോഡില്‍ ബസിലിക്ക പള്ളിക്കു സമീപമുള്ള ചര്‍ച്ച് റോഡില്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെഎസ്ഇബിയുടെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തിൽ ഉണ്ടായ തകരാര്‍ പരിഹരിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അടിയന്തിര ഇടപെടലിനെത്തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്. ഈ പ്രദേശത്തെ ബിഷപ്പ് ഹൗസ്, സിഡ്ബി ട്രാൻസ്ഫോർമറുകളിലേക്കുള്ള വൈദ്യുതി വിതരണം ഭാവിയിൽ തടസപ്പെടാതിരിക്കാൻ 11 കെ.വി ഭൂഗർഭ കേബിൾ കെ.എസ്.ഇ.ബി പുതുതായി സ്ഥാപിക്കുകയും ചെയ്തു.
റോഡ് നിർമ്മാണത്തിനിടെ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് വസതിയിലേക്ക് അടക്കം ഈ മേഖലയില്‍ വൈദ്യുത തടസം വിച്ഛേദിക്കപ്പെട്ടിരുന്നു. മള്‍ട്ടിപ്പിള്‍ ഫീഡറുകളില്ലാത്തതിനാല്‍ വൈദ്യുതി പുനസ്ഥാപിക്കുന്നത് കെസിഇബിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. സിഎസ്എംഎലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ 24 ഓളം കേബിളുകള്‍ മുറിഞ്ഞതായി കെഎസ്ഇബി പരാതിപ്പെട്ടിരുന്നു. കേബിൾ വലിച്ചതിന്റെ ഫലമായി ആവശ്യമായി വന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാൻ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് കരാറുകാരന് നിർദ്ദേശം നൽകുകയും ചെയ്തു.