തൃശ്ശൂര്‍:   പോളിംഗ് ബൂത്തുകളിൽ റിസർവായി വെച്ചിട്ടുള്ള ഉദ്യോഗസ്ഥരെ യാതൊരു കാരണവശാലും മുൻകൂട്ടി പിരിച്ചുവിടാൻ പാടില്ലെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പിൽ അത്യാവശ്യഘട്ടങ്ങളിൽ ചുമതലയേൽപ്പിക്കുന്നതിനായാണ് റിസർവ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

പോളിംഗ് ബൂത്തുകളിൽ കോവിഡ് രോഗികൾ വോട്ടു ചെയ്യാൻ വരികയാണെങ്കിൽ ആ സമയം ബൂത്തിലുള്ളവരുടെ പേരുവിവരങ്ങൾ കലക്ടറേറ്റിൽ സമർപ്പിക്കണം. കോവിഡ് രോഗികളുടെ ഗ്ലൗസ് അടക്കമുള്ള പി പി ഇ കിറ്റുകൾ ഉപേക്ഷിക്കുന്നതിന് മഞ്ഞ കവറും ഫെയ്സ് ഷീൽഡ്, കയ്യുറ തുടങ്ങിയവ നിക്ഷേപിക്കുന്നതിന് ചുവപ്പു നിറത്തിലുള്ള കവറും ഓരോ പോളിംഗ് ബൂത്തിലും സജ്ജമാക്കും. ഇവ ലഭിക്കുന്നതിനായി അതത് ബൂത്ത്‌ ഓഫീസർമാർ ജില്ലാ പഞ്ചായത്തിൽ ബന്ധപ്പെടണം.

ജില്ലാ കലക്ടർ വിളിച്ചു ചേർത്ത റിവ്യൂ മീറ്റിങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, ബ്ലോക്ക് സെക്രട്ടറിമാർ, പ്ലാനിംഗ് ഓഫീസർ, ഡി എഫ് ഒ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവർ പങ്കെടുത്തു.