തൃശ്ശൂര്‍:    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തിൽ സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം നൽകി. പോളിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വില്ലേജ് ഓഫീസർമാരെയാണ് സെക്ടർ ഓഫീസർമാരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക്‌ സംഭവിക്കാവുന്ന തകരാറുകൾ, വോട്ടിംഗ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്ന പോൾ മാനേജർ ആപ്പ് എന്നിവയെ കുറിച്ചുള്ള ക്ലാസുകളാണ് നൽകിയത്.

അയ്യന്തോൾ ജില്ലാ പ്ലാനിങ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ മാസ്റ്റർ ട്രെയിനർമാരായ എം അഹമ്മദ് നിസാർ, സി എൻ നിതിൻ എന്നിവർ ക്ലാസെടുത്തു. തൃശൂർ, തലപ്പിള്ളി, കുന്നംകുളം താലൂക്കുകളിലെ സെക്ടറൽ ഓഫീസർമാർക്ക് രാവിലെ 10 മണിക്കും മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി, ചാവക്കാട് സെക്ടറൽ ഓഫീസർമാർക്ക് ഉച്ചയ്ക്ക് 2നും പരിശീലനം നൽകി.