കാസര്‍കോട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ല തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 10,48566. ഇതിന് പുറമെ പ്രവാസി വോട്ടര്‍മാര്‍ 79. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലായി 664 വാര്‍ഡുകളും ഇതില്‍ 1287 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ഗ്രാമപഞ്ചായത്തില്‍ ആകെ സ്ഥാനാര്‍ഥികള്‍ 1991. 6 ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഡിവിഷനുകളില്‍ ആകെ 263 സ്ഥാനാര്‍ഥികള്‍. മൂന്ന് മുനിസിപ്പാലിറ്റികളിലായി 113 വാര്‍ഡുകള്‍. ഇതില്‍ ആകെ 329 പേര്‍ മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി ആകെ 65 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്.
ജില്ലയില്‍ ആകെ 84 ക്രിട്ടിക്കല്‍ ബൂത്തുകളും 43 വള്‍നറബിള്‍ ബൂത്തുകളും മാവോയിസ്റ്റ് സാന്നിധ്യമുള്ള 8 ബൂത്തുകളും ഉണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച 99 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയില്‍ 256 ബുത്തുകളില്‍ വെബ്കാസ്റ്റ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സുരക്ഷയുടെ ഭാഗമായി 10 ഡിവൈ.എസ്.പിമാരടക്കം 2557 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 300 അംഗ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. കേരളകര്‍ണാടക അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണം നടത്തിവരുന്നു.
ഡിസംബര്‍ 13ന് വൈകുന്നേരം മൂന്നിനു ശേഷം പോസിറ്റീവ് ആകുന്നവരും ക്വാറന്റീനില്‍ പ്രവേശിക്കുന്നവരും വോട്ടെടുപ്പ് ദിവസം (ഡിസംബര്‍ 14) വൈകീട്ട് അഞ്ച് മുതല്‍ ആറ് മണി വരെ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തണം. എന്നാല്‍, ആറു മണിക്ക് ക്യുവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.