തദ്ദേശ തിരഞ്ഞെടുപ്പ് വൊട്ടെണ്ണല്‍ സംബന്ധിച്ച് കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
ഡിസംബര്‍ 16 ന് രാവിലെ എട്ട് മുതല്‍ വൊട്ടെണ്ണല്‍ ആരംഭിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പ്രവേശിക്കുന്നതിന് റിട്ടേണിങ് ഓഫീസര്‍മാര്‍ നല്‍കുന്ന പാസ് നിര്‍ബന്ധമാണ്. രാഷ്ട്രീയ പ്രതിനിധികള്‍ ഏജന്റുമാരുടെ രണ്ട് ഫോട്ടോ സഹിതം റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍ക്കണം. സ്ഥാനാര്‍ത്ഥിക്കോ, ഇലക്ഷന്‍ ഏജന്റിനോ, കൗണ്ടിംഗ് ഏജന്റിനോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകൂ. റിട്ടെണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുക.

പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ 8 ന് മുമ്പായി അതാത് വരണാധികാരികള്‍ക്ക് അതാത് കൗണ്ടിംഗ് സെന്ററില്‍ ലഭ്യമാക്കണമെന്ന് കലക്ടര്‍ പറഞ്ഞു. അതിന് ശേഷം ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ സ്വീകരിക്കില്ല. 8 മണിക്ക് ശേഷം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ മറ്റിവെക്കുമെന്നും വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം വരണാധികാരികള്‍ക്ക് ലഭിക്കുന്ന കവറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ലെന്നും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും കലക്ടര്‍ കുട്ടിച്ചേര്‍ത്തു.

സാധാരണ പോസ്റ്റില്‍ ബാലറ്റിനും സ്‌പെഷ്യല്‍ പോസ്റ്റില്‍ ബാലറ്റിനുമൊപ്പം വോട്ടര്‍മാര്‍ സമര്‍പ്പിക്കുന്ന ഫാറം 16 ലെ സത്യ പ്രസ്താവനയില്‍ സാക്ഷ്യപ്പെടുത്തുന്ന ഓഫീസറുടെ ഒപ്പും പേരും മേല്‍ വിലാസവും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സീലോ, ഓഫീസ് സിലോ ഇല്ലെന്ന കാരണത്താല്‍ ആ ബാലറ്റ് തള്ളിക്കളയാന്‍ പാടില്ലെന്നും, ഫാറം 19 പ്രകാരം കവറിനു പുറത്ത് അയക്കുന്ന ആളിന്റെ ഒപ്പ് ഇല്ലായെന്ന കാരണത്താലും പോസ്റ്റല്‍ ബാലറ്റ് തള്ളിക്കളയാന്‍ പാടില്ലെന്ന് കലക്ടര്‍ പറഞ്ഞു.

കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ രണ്ട് ഘട്ടമായാണ് നടക്കുക. 1 മുതല്‍ 28 വരെയുള്ള ഡിവിഷനിലെ വോട്ടെണ്ണല്‍ പൂര്‍ണ്ണമായതിന് ശേഷം 29- മുതല്‍ 55 വരെയുള്ള ഡിവിഷനുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കും. കോര്‍പ്പറേഷനിലെ വോട്ടുകള്‍ ചെമ്പുക്കാവ് എം ടി ഐയിലാണ് നടക്കുക.

ജില്ലയില്‍ 24 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്തിത്തിലേക്കുള്ള വോട്ടെണ്ണല്‍ കലക്ട്രേറ്റ് ആസൂത്രണ ഭവനില്‍ നടക്കും. ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അതാത് ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലേത് നഗരസഭ കേന്ദ്രങ്ങളിലും സജ്ജമാക്കിയ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടക്കും.

ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണുന്നതിനായി പരമാവധി 8 പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന രീതിയിലാണ് മേശകള്‍ ക്രമീകരിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം വോട്ടെണ്ണലിനനായി ചുമതലപ്പെടുത്താം.

ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിന് പുറമേ അവര്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ ഉള്‍പ്പെട്ടു വരുന്ന ഓരോ ഗ്രാമ പഞ്ചായത്തിനും ഒരാള്‍ വീതം എന്ന നിലയില്‍ കൗണ്ടിംഗ് ഏജന്റുമാരെ ചുമതലപ്പെടുത്താവുന്നതാണ്. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ഹാളിലേക്ക് ടേബിളുകളുടെ എണ്ണം കണക്കാക്കി സ്ഥാനാര്‍ത്ഥികള്‍ക്ക് കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കുന്നതിനുള്ള അനുമതി വരണാധികാരിക്കായിരിക്കും. കലക്ടറുടെ ചേംബറില്‍ ജില്ലയിലെ വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.