**കൗണ്ടിംഗ് പാസ് നിര്‍ബന്ധം
**മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്ത്
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളവര്‍ക്ക് കൗണ്ടിംഗ് പാസ് നിര്‍ബന്ധമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സ്ഥാനാര്‍ത്ഥി, ചീഫ് ഇലക്ഷന്‍ ഏജന്റ്, കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ നടക്കുന്നിടത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഒരു കാരണവശാലും വോട്ടെണ്ണല്‍ നടക്കുന്നിടത്ത് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയും ബന്ധപ്പെട്ടവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം. മാസ്‌ക്, കൈയ്യുറ തുടങ്ങിയവ കരുതണം. ജയിച്ച സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന ആഹ്ലാദ പ്രകടനത്തിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും പൊതുനന്മയെക്കരുതി എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. എ.ഡി.എം വി.ആര്‍ വിനോദ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.