മണ്ഡല കാലത്ത് ശബരിമലയില്‍ 24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിനുള്ള കുറ്റമറ്റ സംവിധാനങ്ങളാണ് കെഎസ്ഇബി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഫലമായി നിലയ്ക്കല്‍, പമ്പ, ത്രിവേണി, സന്നിധാനം എന്നിവിടങ്ങളിലും കാനന പാതയില്‍ ഉള്‍പ്പെടെ എല്ലായിടത്തും രാപകല്‍ വ്യത്യാസമില്ലാതെ വൈദ്യുതി എത്തിക്കുന്നുണ്ട്. സന്നിധാനത്ത് പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ശബരിമലയിലെ വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൈദ്യുതി സംബന്ധമായ പരാതി ശ്രദ്ധയില്‍പ്പെടുന്ന ആര്‍ക്കും ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇവിടേക്ക് പ്രത്യേക മൊബൈല്‍ നമ്പരുമുണ്ട്. ഈ നമ്പരുകള്‍ എല്ലാ ട്രാന്‍സ്ഫോര്‍മറുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട കെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനിയറുടെ മേല്‍നോട്ടത്തില്‍ അസി. എന്‍ജിനീയറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സന്നിധാനത്തെയും പമ്പയിലേയും വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനം. ഇവരെ കൂടാതെ പത്തനംതിട്ട കെഎസ്ഇബി സര്‍ക്കിളിന് കീഴില്‍ സന്നിധാനത്ത് 12 ഉം, പമ്പയില്‍ ഏഴും ജീവനക്കാരാണ് സേവനത്തിനുള്ളത്. ഏഴ് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

പമ്പ സബ് സ്റ്റേഷനില്‍ നിന്നും 17 കിലോ മീറ്റര്‍ ദൂരത്തില്‍ 11 കെവി എബിസി (ഏരിയല്‍ ബെഞ്ച്ഡ് കേബിള്‍) വഴിയാണ് സന്നിധാനത്തേക്ക് വൈദ്യുതിയെത്തുന്നത്. രണ്ട് വര്‍ഷം മുമ്പാണ് വനത്തിലൂടെ അതീവ സുരക്ഷാ സംവിധാനമുള്ള എബിസി കേബിള്‍ സ്ഥാപിച്ചത്. വന്യമൃഗങ്ങള്‍ മൂലവും പ്രകൃതി ക്ഷോഭത്തില്‍ മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും ലൈന്‍ തകരാറില്‍ ആകാതിരിക്കാനാണ് കേബിള്‍ സംവിധാനമൊരുക്കിയത്. സന്നിധാനത്ത് വൈദ്യുതി വിതരണം ചെയ്യുന്നതിനായി 20 കിലോ മീറ്റര്‍ ദൂരത്തില്‍ എല്‍ടി ലൈനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി വിതരണം സുഗമമാക്കുന്നതിനായി സന്നിധാനം, ശബരി, മരക്കൂട്ടം, ത്രിവേണി എന്നിവിടങ്ങളിലായി നാല് ഫീഡറുകളാണുള്ളത്. ഇതിന് പുറമേ 100 കെവിയുടെ 30 ല്‍ അധികം ട്രാന്‍സ്ഫോര്‍മകളാണ് സന്നിധാനത്തും പമ്പയിലുമായി സജ്ജീകരിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ കുരങ്ങും മലയണ്ണാനും ഉള്‍പ്പെടെയുള്ള ജീവികള്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെടുക പതിവായിരുന്നു. ഇതിന് പുറമേ വൈദ്യുതി വിരണവും തടസപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി ഈ വര്‍ഷം മുതല്‍ ട്രാന്‍ഫോര്‍മര്‍ സ്ട്രക്ച്ചറിന് മുകളിലുള്ള എബി സ്വിച്ചുകളില്‍ മങ്കി ഗാര്‍ഡ് (കുരങ്ങ് സുരക്ഷാ കവചം) സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്ത് സ്ഥിരമായി ജോലി ചെയ്യുന്ന സബ് എന്‍ജിനിയര്‍ സുരേഷാണ് (കുരങ്ങ് സുരക്ഷാ കവചം) മങ്കി ഗാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സന്നിധാനത്തും പരിസരങ്ങളിലും സ്ഥാപിച്ച മങ്കി ഗാര്‍ഡ് അടുത്ത സീസണില്‍ പമ്പയിലേക്കും നീട്ടും.പമ്പ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ വഴിവിളക്കുകളുടേയും വെളിച്ചവിതരണവും പരിപാലനവും കെഎസ്ഇബിയാണ്. കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന് അറ്റകുറ്റപണികള്‍ക്കുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേകം സ്റ്റോര്‍ റൂമും ഉണ്ട്. സീസണ്‍ കഴിഞ്ഞാലും മൂന്നിലധികം ജീവനക്കാര്‍ എല്ലാ ദിവസവും ഓഫീസില്‍ ഉണ്ടാവും. മാസ പൂജയ്ക്കും മണ്ഡലകാലത്തും അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുള്ളവരുടെ നേരിട്ടുള്ള സേവനവും ഉണ്ടാവും.