ബ്ലോക്ക്തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കായി പ്രത്യേകം കൗണ്ടിംഗ് ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി എട്ടു പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു വോട്ടെണ്ണല്‍ മേശ എന്ന രീതിയിലാണ് സജ്ജീകരണം. ഇത്തരത്തില്‍ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി വോട്ടെണ്ണല്‍ മേശകള്‍ ഉണ്ടാകും.
പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. ഓരോ തലത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് തലങ്ങളിലെ വരണാധികാരികളാണ് എണ്ണുക. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍. ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ വോട്ടെണ്ണല്‍ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റുമാകും ഉണ്ടാവുക. ടാബുലേഷന്‍, പായ്ക്കിംഗ് എന്നിവയ്ക്കായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.