തൃശ്ശൂർ: കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ രണ്ടാഴ്ച ജാഗ്രതാകാലമായി ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കലക്ടർ എസ്‌ ഷാനവാസ്. ക്രിസ്മസ്-നവവത്സരം അവധി ആഘോഷങ്ങളുടെ ഭാഗമായി വിനോദ യാത്രകൾക്ക് തയ്യാറെടുക്കുന്നവർ കൃത്യമായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ബാറുകളും കള്ളുഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുന്നതിന് ഉത്തരവായ സാഹചര്യത്തിൽ ജില്ലയിലെ ഫോറസ്റ്റ്, പൊലീസ്, എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിന് നിർദേശം നൽകാൻ ജില്ലാ കലക്ടർ എസ് ഷാനവാസ് വിളിച്ചുചേർത്ത ഓൺലൈൻ കോൺഫറൻസിലാണ് തീരുമാനമായത്.

പ്രോട്ടോകോൾ കൃത്യമായി പാലിച്ചു മാത്രമേ യാത്രകൾ അനുവദിക്കുകയുള്ളൂ. കൂടാതെ ബാറുകൾ ബിവറേജ് ഔട്ട്ലെറ്റ്കൾ തുറക്കുന്നതും പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. വ്യാജ മദ്യം തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും വിവിധ വകുപ്പുകൾ സഹകരിച്ച് നടപടികളെടുക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

ചെക്പോസ്റ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. കോളനികളിൽ ജാഗ്രതാ സമിതി രൂപീകരിക്കാൻ പട്ടികജാതി വികസന വകുപ്പിനെ ചുമതലപ്പെടുത്തി. യോഗത്തിൽ എഡിഎം റെജി പി ജോസഫ്, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, റൂറൽ എസ്പി ആർ വിശ്വനാഥ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഡിഎഫ്ഒമാർ, ഡിഎംഒ കെ ജെ റീന, ആർഡിഒമാർ, പട്ടികജാതി വികസന വകുപ്പ്, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു