സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, ചീരാല്‍, തോമാട്ടുചാല്‍, അമ്പലവയല്‍, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകള്‍ക്കുളള ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. അദാലത്തില്‍ 174 പരാതികളാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ മുമ്പില്‍ എത്തിയത്. അദാലത്തില്‍ കുറ്റികൈത,കടുവാകുഴി പ്രദേശത്ത് താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്‌കീമില്‍പ്പെട്ട ഭൂമിയില്‍ പട്ടയം ലഭിക്കാത്ത 61 പേരുടെ അപേക്ഷയും പരിഗണിക്കും. 1970 മുമ്പ് പ്രദേശത്ത് താമസിക്കുന്ന ട്രൈബല്‍ വിഭാഗത്തില്‍പ്പെടാത്ത കുടുംബങ്ങളാണിവര്‍. പ്രസ്തുത കുടുംബങ്ങള്‍ പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദാലത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍ച്ചതിനെ തുടര്‍ന്നാണ് നടപടി.
റവന്യൂ സംബന്ധമായതും അല്ലാത്തതുമായ 135 പരാതികള്‍ അദാലത്തില്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടു ലഭിച്ചു. 42 പരാതികള്‍ വിവിധ വില്ലേജു ഓഫീസുകളില്‍ അദാലത്തിലേക്ക് നേരത്തെ സമര്‍പ്പിക്കപ്പെട്ടിരുന്നു.പരിഹരിച്ച പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് വില്ലേജ് കൗണ്ടര്‍ വഴി അപേക്ഷകരെ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. നേരിട്ടു ലഭിച്ച അപേക്ഷകളില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എ.ഡി.എം. കെ.എം രാജു, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ.പി മേഴ്‌സി, തഹസില്‍ദാര്‍മാരായ എം.ജെ എബ്രഹാം, വി.അബൂബക്കര്‍, റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു.
