മഹാത്മാ ഗാന്ധി സർവ്വകലാശാല ജൈവസുസ്ഥിരകൃഷി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആഗോള ജൈവ സംഗമത്തിന്റെ ഭാഗമായി കാർഷിക ചലച്ചിത്രമേളയ്ക്ക് തുടക്കമായി.  സിഎംഎസ് കോളേജ് സെമിനാർ ഹാളിൽ നടന്ന ചലച്ചിത്രമേളയിൽ അവതരണ ചലച്ചിത്ര പ്രകാശനം നടൻ പ്രേം പ്രകാശ് നിർവഹിച്ചു. ജൈവകൃഷി പ്രോത്സാഹനത്തിൽ സിനിമയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹൗ ഓൾഡ് ആർ യു പോലുള്ള ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്. ഈ ചിത്രം കണ്ട് മട്ടുപ്പാവുജൈവകൃഷി ആരംഭിച്ചവർ നിരവധിയാണെന്നും പ്രേം പ്രകാശ് പറഞ്ഞു.
എംജി സർവകലാശാല പ്രോ വൈസ് ചാൻസിലർ പ്രൊഫ സാബു തോമസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ എബ്രിഡ് ഷൈൻ ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ എംഎസ് മുരളി, ജൈവം പ്രോഗ്രാം കോ ഓഡിനേറ്റർ ജി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. അരവിന്ദൻ സംവിധാനം ചെയ്ത കാഞ്ചന സീതയാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്. 10 ഫീച്ചർ ഫിലിമുകളും 30 ഡോക്യുമെന്ററി ചലച്ചിത്രങ്ങളുമാണ് മേളയിൽ പ്രദർശിപ്പിക്കുക. ജൈവ സംഗമത്തോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒപ്പ് ശേഖരണവും നടന്നു. ആഗോള ജൈവ സംഗമത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ 24ന് സമാപിക്കും.