പാലക്കാട്: ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സപ്ലൈകോ വഴി നെല്ല് സംഭരണത്തിനായി കർഷകർ അക്ഷയ കേന്ദ്രം മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന കർഷകർ പേര് , ഏരിയ എന്നിവ കൈവശാവകാശ പത്രം വച്ചും ആധാർ നമ്പർ, ബാങ്ക്, ബ്രാഞ്ച് , അക്കൗണ്ട് നമ്പർ എന്നിവ ബാങ്ക് പാസ്ബുക്ക് വെച്ചും കൃത്യത ഉറപ്പു വരുത്തണം.
രണ്ടാം വിള രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കും. ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് ഇനം തിരിച്ച് പ്രത്യേകം രജിസ്‌ട്രേഷൻ ചെയ്യണം. ഒരു ഇനത്തിന് ഒരു രജിസ്‌ട്രേഷൻ മാത്രമേ അനുവദിക്കൂ. എൻ.ആർ. എ, എൻ.ആർ. ഒ, സീറോ ബാലൻസ് അക്കൗണ്ട്, ട്രാൻസാക്ഷൻ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്റ്റർ ചെയ്യരുത് . പാട്ട കർഷകർ പ്രത്യേക സത്യവാങ്ങ്മൂലം സമർപ്പിക്കേണ്ടതില്ല. എന്നാൽ പാട്ടകൃഷി സംബന്ധിച്ച രേഖകൾ കൃഷി ഭവനിൽ സമർപ്പിക്കണം. യാതൊരു കാരണവശാലും രജിസ്‌ട്രേഷൻ തിയതി നീട്ടില്ല.
കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ച ഗുണനിലവാരമില്ലാത്ത നെല്ല് സംഭരിക്കുവാൻ സപ്ലൈകോയ്ക്ക് നിർവാഹമില്ലാത്തതിനാൽ കർഷകർ നിശ്ചിത നിലവാരമുള്ള നെല്ല് മാത്രം സംഭരണത്തിന് തയ്യാറാക്കണം . അപേക്ഷ സമർപ്പിച്ചതിനു ശേഷം ബാങ്ക് മാറ്റാൻ ഉദ്ദേശിക്കുന്ന കർഷകർ നിർബന്ധമായും ഒറിജിനൽ പി.ആർ.എസ്. കൊണ്ടുവരണമെന്നും പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു . ഫോൺ – 0491 2528553, 9446569910,9447288809