ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും മൂന്നാര്‍ പോപ്പി ഗാര്‍ഡന്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാര്‍ പുഷ്പമേള ശ്രദ്ധേയമാകുന്നു. പുഷ്പങ്ങളുടെ വര്‍ണ്ണ കലവറയൊരുക്കി മേള പുരോഗമിക്കുമ്പോള്‍ ഇക്കുറി സഞ്ചാരികളുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പൂക്കള്‍ക്കാണ്ട് തീര്‍ത്തിരിക്കുന്ന ശില്പങ്ങള്‍ തന്നെയാണ് മേളയുടെ പ്രത്യേകത. മയില്‍,ഭീമന്‍പാണ്ടേ,ചിത്രശലഭം,വലിയ ആര്‍ച്ചുകള്‍ തുടങ്ങി നിരവധി ശില്‍പങ്ങള്‍ പൂക്കളുടെ നിറവസന്തങ്ങളാല്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. പുഴയുടെ തീരത്ത് ഇളംകാറ്റേറ്റ് പുഷ്പ ലോകത്തിലൂടെ സഞ്ചരിക്കാന്‍ പ്രത്യേക ബോട്ടിംഗ് സജ്ജീകരണങ്ങളും ഡി റ്റി പി സി യുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിനായിരം സ്വകയര്‍ഫീറ്റില്‍ പഴയമൂന്നാറില്‍ ഒരുക്കിയിരിക്കുന്ന രണ്ട് വലിയ ഗ്രൗണ്ടുകളിലായാണ് പുഷ്പമേള നടക്കുന്നത്. സാഹസിക റിവര്‍ക്രോസിങ്ങും കുട്ടികളുടെ പാര്‍ക്കും മൂന്നാര്‍ പുഷ്പ്പമേളയെ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.റോസ്, ജെറാനിയം,ആന്തൂറിയം, ജമന്തി,ലില്ലിയം തുടങ്ങിയ പൂക്കളാണ് മേളയിലെ രാജകീയ പുഷ്പങ്ങള്‍. മുതിര്‍ന്നവര്‍ക്ക് 40 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. ഡി റ്റി പി സി സെക്രട്ടറി ജയന്‍ പി വിജയന്‍, പോപ്പി ഗാര്‍ഡന്‍സ് മൂന്നാറിന്റെ പ്രതിനിധി ബിജു തുടങ്ങിയവരാണ് പുഷ്പമേളക്ക് നേതൃത്വം നല്‍കുന്നത്.