ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകുടതിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറുകുളം മൂന്നാം ഘട്ടം പദ്ധതി പകുതി ലക്ഷ്യം കൈവരിച്ചു. മാര്‍ച്ച് നാലിന് തുടക്കം കുറിച്ച പദ്ധതിയില്‍ ഇന്നലെയോടെ (എപ്രില്‍ 22) അമ്പത്തിയെട്ട് കുളങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. ഇതില്‍ 43 കുളങ്ങളുടെ നവീകരണം കഴിഞ്ഞയാഴ്ചയോടെ പൂര്‍ത്തിയായിരുന്നു. മെയ് ഇരുപതോടുകൂടി പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂത്രിക്ക പഞ്ചായത്തിലെ മടത്തിനമറ്റംചിറ, കൂവപ്പടി പഞ്ചായത്തിലെ പൊട്ടക്കുളം, തിരുവാണിയൂര്‍ പഞ്ചായത്തിലെ പുതിയനാത്ചിറയും മാങ്കുളവും, രായമംഗലം പഞ്ചായത്ത് തവനച്ചിറ, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കവനാല്‍ചിറ, കീഴ്മാടിലെ  പഞ്ചായത്ത്കുളം, കുന്നുകര ചെറിയതെയ്മനം, അങ്കമാലി കരിപ്പക്കുളം, വലിയകുളം വെമ്പിലിയന്‍കുളം, പീച്ചാനിക്കാട്, തൃതിക്കുളം,പിറവം പുല്ല്യകുളം,ചേരാനെല്ലൂര്‍ കണ്ണന്‍കുളം എന്നിങ്ങനെ 10 പഞ്ചായത്തുകളിലായി 15 കുളങ്ങളുടെ നവീകരണമാണ് എപ്രില്‍ 21, 22 തീയതികളില്‍ നടത്തിയത്. കീഴ്മാട് പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ പഞ്ചായത്ത്കുളം വൃത്തിയാക്കല്‍ ഇന്ന് (എപ്രില്‍ 23) നടക്കും.
ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷീലാദേവി, ഇറിഗേഷന്‍ എക്‌സികൂട്ടീവ് എഞ്ചിനീയര്‍ ഗീതാദേവി, നെഹ്‌റു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ ടോണി, ശുചിത്വമിഷന്‍ അസി കോര്‍ഡിനേറ്റര്‍ മോഹനന്‍, ഐഎല്‍എം എഞ്ചിനീയറിംഗ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമൃത, അന്‍പൊടു കൊച്ചി പ്രതിനിധികള്‍, ഇറിഗേഷന്‍ അസി.എഞ്ചിനീയര്‍ പ്രവീണ്‍, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. അതത് തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത് .

2016ല്‍ മുന്‍കലക്ടര്‍ എം.ജി.രാജമാണിക്കത്തിന്റെ നേതൃത്വത്തില്‍ ‘എന്റെ കുളം എറണാകുളം – എന്ന പേരിലാണ് പദ്ധതിയുടെ ആരംഭം. തുടര്‍ന്ന് നൂറുകുളം അമ്പതുദിനം എന്ന പേരില്‍ 2017 ഏപ്രില്‍ ഒന്നിന് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കലക്ടര്‍ കെ.മൊഹമ്മദ്.വൈ.സഫീറുള്ളയുടെ നേതൃത്വത്തില്‍ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 100 കുളം മൂന്നാം ഘട്ടം’ പദ്ധതിയാണ് ഇപ്പോള്‍ നടന്നുവരുന്നത് .
കൊച്ചിന്‍ ഷിപ്പ് യാഡിന്റെ സഹകരണത്തോടു കൂടി ഹരിത കേരള മിഷന്‍, മൈനര്‍ ഇറിനേഷന്‍, ശുചിത്വമിഷന്‍, അന്‍പൊട് കൊച്ചി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.