തൃശൂര്‍: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്- മുനമ്പം പാലം സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. പാലത്തിന്റെ നിർമ്മാണത്തിന് കിഫ്ബിയുടെ 154.65 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. സോയിൽ ഇൻവെസ്റ്റിഗേഷൻ, പൈലിംഗ് വർക്കുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ടെണ്ടർ അനുമതിക്കായി ക്വട്ടേഷനും സർക്കാരിലേക്ക് സമർപ്പിച്ചു.

റീടെണ്ടർ വിളിച്ചെങ്കിലും ഒരു കമ്പനി മാത്രമേ ടെണ്ടറിൽ പങ്കെടുത്തുള്ളൂ എന്നതിനാൽ 30 ശതമാനം അധികത്തുകയ്ക്കാണ് കോട്ട് ചെയ്തിരിക്കുന്നത്. ഗവ: സെക്രട്ടറിയുടെ പ്രത്യേക അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണ പ്രവൃത്തികളുടെ ആദ്യഘട്ടം ആരംഭിക്കുവാൻ സാധിക്കും. ഇതിന് വേണ്ടിയുള്ള എല്ലാ നടപടികളും വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങളും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നൽകിക്കഴിഞ്ഞു.

കയ്പമംഗലം മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നാമതാണ് അഴീക്കോട്- മുനമ്പം പാലം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയിൽ നിന്ന് തൃശൂർ ജില്ലയിലേക്കുള്ള എളുപ്പമാർഗമാകും ഈ പാലം. അഴീക്കോട്‌ നിന്ന്‌ കേരളത്തിന്റെ വടക്കൻ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാർഗത്തിൽ എത്തിച്ചേരാനും തെക്കൻ ജില്ലകളിൽ നിന്ന്‌ വൈപ്പിൻകര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.

രണ്ട് തീരദേശങ്ങളെ തമ്മിൽ കൂട്ടിമുട്ടിക്കുന്ന പാലത്തിന് 2011ലാണ് തറക്കല്ലിട്ടത്. സാങ്കേതിക പ്രശ്നം മൂലം സ്ഥലമേറ്റെടുക്കൽ വൈകിയത് നിർമാണപ്രവർത്തനങ്ങൾക്ക് തടസമായി. നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്ത് നിര്‍മിക്കുന്ന പാലത്തിന്റെ ഉയരം 12.5 മീറ്ററാണ്. അഴീക്കോട് മുനമ്പം കായലിനു കുറുകെ 900 മീറ്റർ നീളത്തിലും 16.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. കപ്പലുകൾക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലുള്ള ഉയരത്തിലാണ് നിർമ്മാണം. നിർമാണത്തിന് ഇൻലാന്റ് നാവിഗേഷൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. പിന്നീട് പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 6.49 കോടിയും മുനമ്പം ഭാഗത്ത് 8.13 കോടിയും അനുവദിച്ചു. സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തൽ റിപ്പോർട്ടിന് വേണ്ടിയുള്ള ഹിയറിംഗ് 2019 ആഗസ്റ്റിൽ ഇ ടി
ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിലും നടത്തി.

കളമശ്ശേരി രാജഗിരി കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ആഘാതപഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ സ്ഥലവും വീടും നഷ്ടപ്പെടുന്ന മുഴുവൻ പേരെയും പങ്കെടുപ്പിച്ചായിരുന്നു ഹിയറിംഗ്. പഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ 22 ഭൂമിയുടമകളുടെ വീടും സ്ഥലവുമാണ് സർക്കാർ റോഡ് നിർമാണത്തിനായി ഏറ്റെടുക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്രോച്ച് റോഡിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ നടക്കുക. തുടർന്ന്
2019 ഡിസംബറിൽ പാലം നിർമ്മാണവുമായി അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹ്യ പ്രത്യാഖാത റിപ്പോർട്ട് വിലയിരുത്തുന്ന ഏഴംഗ സംഘസമിതി പദ്ധതി പ്രദേശം സന്ദർശിച്ചു ഭൂവുടമകളുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.