തൃശൂര്‍: സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് സ്വന്തമാക്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. പെരിഞ്ഞനോര്‍ജ്ജം പുരപ്പുറ സോളാർ വൈദ്യുത പദ്ധതിക്കാണ് അംഗീകാരം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തങ്ങളെ തേടിയെത്തിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് നിവാസികൾ. കേരളത്തിന് തന്നെ മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പഞ്ചായത്തിന്റെ സ്വന്തം ‘പെരിഞ്ഞനോര്‍ജ്ജം’ പദ്ധതിയ്ക്കാണ് 2019ലെ സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അക്ഷയോര്‍ജ്ജ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിവരുന്ന അവാർഡാണിത്. ഊര്‍ജ്ജസംരക്ഷണ മേഖലയില്‍ നടപ്പിലാക്കിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പെരിഞ്ഞനം പഞ്ചായത്തിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

പെരിഞ്ഞനം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്തിന്‍റെ നേതൃത്വത്തിലുള്ള മുന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് പെരിഞ്ഞനോര്‍ജ്ജം പുരപ്പുറ സോളാര്‍ വൈദ്യുത പദ്ധതി. പദ്ധതിയിലൂടെ 700 കിലോവാട്ട് പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി പെരിഞ്ഞനം മാറി. പഞ്ചായത്ത് പദ്ധതിയുടെ ഫെസിലിറ്റേറ്ററായാണ് പ്രവര്‍ത്തിച്ചത്. വീടുകളുടെ മുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതി കെഎസ്ഇബി കോമണ്‍പൂളിലേക്ക് ഗ്രിഡ് ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ആനുപാതികമായ തുക കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. ആകെ 3.25 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 97.50 ലക്ഷം രൂപ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സബ്സിഡി ലഭ്യമാക്കി.

പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം ഗവ യു പി സ്കൂള്‍ ഹാളിന്‍റെ മേല്‍ക്കൂരയില്‍ സൗജന്യമായി 9.5 കിലോവാട്ട് സോളാര്‍ വൈദ്യുതി പ്ലാന്റ് സ്ഥാപിച്ചു. പ്ലാന്‍റില്‍ നിന്നും പ്രസരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പെരിഞ്ഞനത്തെ ഭൂരിഭാഗം തെരുവുവിളക്കുകളും പ്രകാശിപ്പിക്കുന്ന എല്‍ഇഡി ഗ്രാമം പദ്ധതിയും പദ്ധതിയുടെ രണ്ടാം ഘട്ടമായി നടപ്പിലാക്കി. ഇതിനായി പെരിഞ്ഞനത്തെ തെരുവുകളില്‍ നിലവില്‍ സ്ഥാപിച്ചിരുന്ന ട്യൂബ് സെറ്റുകളും സിഎഫ്എല്‍ ബള്‍ബുകളും അഴിച്ചുമാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് എല്‍ഇഡി ഗ്രാമമാക്കി മാറ്റി.

മുന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെക്കൂടാതെ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ ഉപഭോക്തൃസമിതി പ്രവര്‍ത്തകര്‍, മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ ടി എം മനോഹരന്‍, സംസ്ഥാന വൈദ്യുതി വകുപ്പ്, പെരിഞ്ഞനം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവരുടെ മികച്ച പ്രവര്‍ത്തനവും സഹകരണവുമാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.