എറണാകുളം: ഡിസംബർ 30നു നടക്കുന്ന കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കായുള്ള ബാലറ്റ് പേപ്പറുകളുടെ വിതരണം നടത്തി. ജില്ലാ ലേബർ ഓഫീസിൽ സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്തു.

കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളാണ് സമ്മതിദായകരായിട്ടുള്ളത്. സംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഡിപ്പോയും ഓരോ ബൂത്താണ്. ജീവനക്കാർക്ക് അതാത് ഡിപ്പോയിൽ വോട്ട് ചെയ്യാം. രാവിലെ 7.30 മുതൽ വൈകീട്ട് 5.30 വരെയാണ് വോട്ടെടുപ്പ്.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) , കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ, കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) , കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ഫ്രണ്ട് യൂണിയൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) , കെ.എസ്.ആർ.ടി.ഇ വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിൻ്റെ15 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സംഘടനകൾക്കാണ് അംഗീകാരം നൽകുന്നത്.