തൃശ്ശൂർ: ചാലക്കുടി നഗരസഭ ചെയർമാനായി ഏഴാം വാർഡ് യു ഡി എഫ് കൗൺസിലർ വി ഒ പൈലപ്പൻ സ്ഥാനമേറ്റു. 36 അംഗങ്ങളുള്ള കൗൺസിലിൽ 27 വോട്ട് നേടിയാണ് വി ഒ പൈലപ്പൻ നഗരസഭ അധ്യക്ഷ പദവിയിലേക്കെത്തിയത്. രണ്ടാം വാർഡ് കൗൺസിലിറായി കോൺഗ്രസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എബി ജോർജ് വി ഒ പൈലപ്പന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. പതിനാലാം വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട എം എം അനിൽ കുമാർ പിൻതാങ്ങി. കോൺഗ്രസ്‌ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച റോസി ലാസർ വി ഒ പൈലപ്പന് വോട്ട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹം ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് വരണാധികാരി ചാലക്കുടി ഡി എഫ് ഒ സംജുദ മജുംദാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വി ഒ പൈലപ്പൻ ചാലക്കുടി നഗരസഭ ചെയർമാനായി സ്ഥാനമേറ്റു. എൽ ഡി എഫിൽ നിന്നും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച പത്തൊൻപതാം വാർഡ് കൗൺസിലർ സി എസ് സുരേഷിന് ആറു വോട്ടുകൾ ലഭിച്ചു. വിജി സദാനന്ദൻ സി എസ് സുരേഷിന്റെ പേര് നിർദ്ദേശിച്ചു. ഷീജ സുനിൽ പിൻതാങ്ങി.