കൊല്ലം: മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പതിനൊന്നാമത് മേയറായി താമരക്കുളം ഡിവിഷനില്‍ നിന്ന് വിജയിച്ച പ്രസന്ന ഏണസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ ആകെ പോള്‍ ചെയ്ത 54 വോട്ടുകളില്‍ 39 വോട്ടുകള്‍ നേടിയാണ് പ്രസന്ന ഏണസ്റ്റ് വിജയിച്ചത്. കോളേജ് ഡിവിഷന്‍ കൗണ്‍സിലര്‍ എസ് ഗീതാകുമാരി പ്രസന്ന ഏണസ്റ്റിനെ  നിര്‍ദേശിക്കുകയും കാവനാട് ഡിവിഷന്‍ കൗണ്‍സിലര്‍ കൊല്ലം മധു  പിന്താങ്ങുകയും ചെയ്തു.
ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലാ കലക്ടര്‍ മേയര്‍ക്ക്  സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി  ആചാരപരമായ ഗൗണ്‍ ധരിച്ച് മേയര്‍ ചുമതലയെറ്റെടുത്തു. ഇത് രണ്ടാം തവണയാണ് മുണ്ടയ്ക്കല്‍ നിവാസിനിയായ പ്രസന്ന ഏണസ്റ്റ് മേയര്‍ പദവിയിലെത്തുന്നത്.
ചാത്തിനാംകുളം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സില്‍ അംഗമായ കൃഷ്ണേന്ദു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോവിഡ് പോസിറ്റീവായ മൂന്ന് കൗണ്‍സില്‍ അംഗങ്ങള്‍ പി പി ഇ കിറ്റ് ധരിച്ച് ഏറ്റവും ഒടുവിലായി വോട്ട് രേഖപ്പെടുത്തി. മേയര്‍ സ്ഥാനത്തേക്ക് പ്രസന്ന ഏണസ്റ്റിനൊപ്പം  മത്സരിച്ച വടക്കേവിള ഡിവിഷനിലെ എസ് ശ്രീദേവി അമ്മയ്ക്ക് ഒന്‍പതു വോട്ടും തേവള്ളി ഡിവിഷനിലെ ബി ശൈലജയ്ക്ക് അഞ്ചു വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.
ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട കാവനാട് ഡിവിഷനില്‍ നിന്നും വിജയിച്ച കൊല്ലം മധുവിന് മേയര്‍ പ്രസന്ന ഏണസ്റ്റ് സത്യവാചകം ചൊല്ലിക്കൊടുത്തു.

എം നൗഷാദ് എം എല്‍ എ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് പി ശോഭ, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍, അഡീഷണല്‍  സെക്രട്ടറി  എ എസ് നൈസാം, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ടുമാരായ  എ ബര്‍ണാഡിന്‍, സന്തോഷ് കുമാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.