തൃശ്ശൂർ: ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് സാംസ്കാരിക നഗരിയുടെയും ജില്ലയുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം. കല, സംസ്കാരം, കായികം, സാമൂഹികം, വാണിജ്യം, വ്യവസായം, സാഹിത്യം തുടങ്ങി വിവിധ രംഗങ്ങളിലെ പ്രതിനിധികളും മത – സാമുദായിക നേതാക്കളും വിവിധ സംഘടനകളുടെ വക്താക്കളും അണിനിരന്ന സദസുമായി മുഖ്യമന്ത്രി രണ്ടു മണിക്കൂറിലേറെ പങ്കു വച്ചത് നവകേരള സൃഷ്ടിക്കായുള്ള ആശയങ്ങളും പദ്ധതികളും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമൂഹത്തിന്‍റെ നാനാതലങ്ങളുമായി സംവദിച്ച് സമാഹരിച്ച് നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനരൂപരേഖയ്ക്ക് അടിസ്ഥാനമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഖ്യാപിച്ച കാര്യങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് വര്‍ഷം തോറും ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച രാജ്യത്തെ ആദ്യത്തെ സര്‍ക്കാരാണിത്. പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങള്‍ 570 ഇനങ്ങളും പൂര്‍ത്തീകരിച്ചു. മുപ്പതെണ്ണം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്. ഉദ്ദേശിച്ച രീതിയില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനെ കോവിഡ് മഹാമാരി ബാധിച്ചു. പ്രകടനപത്രികയ്ക്ക് പുറത്തുള്ള നൂറു കണക്കിന് കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കി. ഓഖി, നിപ്പ, 2018ലെ മഹാപ്രളയം, 2019ലെ കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങി ഇടവേളകളില്ലാതെ സംഭവിച്ച ദുരന്തങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റിയത്. ദുരന്തങ്ങളെ നിസഹായതോടെയല്ല, ജനങ്ങളെ ഒന്നാകെ ചേര്‍ത്തു പിടിച്ചാണ് സര്‍ക്കാര്‍ നേരിട്ടത്. അതില്‍ പുലര്‍ത്തിയ മികവ് കേരളവും ലോകവും ശ്രദ്ധിച്ചു. മഹാപ്രളയം നാടിനെയാകെ തകര്‍ത്തപ്പോള്‍ വലിയ തോതിലുള്ള പുനഃ നിര്‍മാണം വേണ്ടിവന്നു. ആധുനിക വിജ്ഞാനവും പുത്തനറിവുകളും പ്രയോഗത്തില്‍ വരുത്തിയാണ് പുനഃനിര്‍മാണം നടപ്പാക്കിയത്. ഇനിയൊരു പ്രകൃതി ദുരന്തത്തിനും തകര്‍ക്കാനാവാത്ത കേരളമെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്.

സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനമാണ് സര്‍ക്കാരിന്‍റെ കാഴ്ച്ചപ്പാട്. വികസനം സര്‍വതലസ്പര്‍ശിയാകണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. മിഷനുകള്‍ക്ക് രൂപം നല്‍കിയത് ഈ കാഴ്ച്ചപ്പാടോടെയാണ്. മാലിന്യമില്ലാത്ത, ജലസമൃദ്ധിയുള്ള നാടെന്ന ആശയത്തിന് നല്ല പ്രതികരണം ജനങ്ങളില്‍ നിന്നുണ്ടായി. പത്തനംതിട്ട ജില്ലയിലെ വരട്ടാര്‍ പോലുള്ള നദികളെ പോലും ഈ ദൗത്യത്തില്‍ വീണ്ടെടുത്തു. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 7 ലക്ഷം ടണ്ണില്‍ നിന്ന് 15 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കുവാനും ഹരിതകേരളം മിഷന്‍ സഹായകമായി.പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കഴിഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മികച്ച വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ ഭാവി കേരളീയ സമൂഹത്തില്‍ വരുത്തുന്ന ഗുണപരമായ മാറ്റം വലുതായിരിക്കും. സമ്പന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്രയും നിലവാരവും സൗകര്യങ്ങളുമാണ് നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ ഉറപ്പു വരുത്തിയത്.

കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ വികസിത, സമ്പന്ന രാഷ്ട്രങ്ങള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ പതര്‍ച്ച കൂടാതെ കേരളം നേരിട്ടു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ശാക്തീകരിക്കപ്പെട്ട പൊതുജനാരോഗ്യ സംവിധാനമായിരുന്നു നമ്മുടെ ശക്തി. വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കാനാകാത്ത ഹതഭാഗ്യരോടുള്ള കടമയുടെ പൂര്‍ത്തീകരണമായിരുന്നു ലൈഫ് മിഷന്‍. രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിനകം വീട് ലഭിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെന്ന് വിവിധ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും അപേക്ഷകള്‍ സ്വീകരിച്ച് വീട് ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ ജോലി ലഭിക്കാന്‍ അവസരമൊരുക്കണമെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു. തൊഴില്‍ തേടുന്നവരേക്കാള്‍ തൊഴില്‍ ദാതാക്കളായി യുവാക്കള്‍ മാറുകയാണിവിടെ. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നത് ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളുമാണ് പൊളിച്ചെഴുതിയത്. നാടിനിണങ്ങിയ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. മുഴുവന്‍ തുകയും വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന, ഇടനിലക്കാരും അഴിമതിയുമില്ലാത്ത നാടെന്ന പ്രതിഛായ കേരളത്തെ കുറിച്ച് സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കൃഷിമന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രിമാരായ എ സി മൊയ്തീൻ, സി രവീന്ദ്രനാഥ്, ഗവ ചീഫ് വിപ്പ് കെ രാജൻ, വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രതിനിധികൾ, മതമേലധ്യക്ഷന്മാർ, വ്യവസായികൾ എന്നിവർ പങ്കെടുത്തു. എം എം വർഗീസ് സ്വാഗതവും കെ കെ വത്സരാജ് നന്ദിയും പറഞ്ഞു.