തൃശ്ശൂർ: ഭാവികേരളത്തെ കുറിച്ച് പുതിയ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായുള്ള സംവാദം ശ്രദ്ധേയമായി.അധ്യാപകനായ പി ചിത്രന്‍ നമ്പൂതിരിപ്പാട്, മാര്‍ അപ്രേം (പൗരസ്ത്യ കല്‍ദായ സുറിയാനി സഭ), യൂഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മേള പ്രമാണി പെരുവനം കുട്ടന്‍മാര്‍, ഫൈസല്‍ തങ്ങള്‍ (കേരള ജമാ അത്ത് ജില്ലാപ്രസിഡന്റ്) തുടങ്ങി ഒട്ടേറെ പ്രമുഖര്‍ നവകേരളം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ടു ഒട്ടേറെ കാഴ്ചപ്പാടുകള്‍ മുഖ്യമന്ത്രിയ്ക്കു മുന്‍പില്‍ അവതരിപ്പിച്ചു. ഒപ്പം നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവര്‍ തങ്ങളുടെ നിലപാടു വ്യക്തമാക്കി. ഒത്തൊരുമിച്ച് ഇനിയും മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയും ഓഖിയും നിപയും പ്രളയവും കോവിഡുമെല്ലാം നേരിട്ട അതിജീവനത്തിന്റെ കൂട്ടായ്മയും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രത്യേകം എടുത്തുകാട്ടി.
അന്തര്‍ദ്ദേശീയ നിലവാരത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പി ചിത്രന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയ്ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുല്‍ കലാമിന്റെ മൂല്യമാര്‍ന്ന വിജ്ഞാന പ്രവര്‍ത്തനങ്ങളെ എടുത്തുകാട്ടി ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ വിപുലപ്പെടുത്തുമെന്നും കലാ കായിക രംഗത്ത് സൗകര്യങ്ങള്‍ കൂട്ടി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കാര്‍ഷിക മേഖല കഴിഞ്ഞ അഞ്ചുവര്‍ഷമായി മെച്ചപ്പെട്ടതായി മാര്‍ അപ്രേം വ്യക്തമാക്കി. എല്ലാ മേഖലയിലും കാര്‍ഷിക വിജ്ഞാനം വര്‍ധിപ്പിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.പാലിയേക്കര ടോള്‍ പ്ലാസ, ഗതാഗതം തുടങ്ങാത്ത കുതിരാനിലെ തുരങ്കം എന്നിവയുടെ പ്രശ്‌നങ്ങളാണ് യൂഹനോന്‍ മോര്‍ മിലിത്തിയോസ് മുഖ്യമന്ത്രിയ്ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. കാര്‍ഷിക വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധയൂന്നണമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ സ്‌കൂളുകളുമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മത്സരിക്കേണ്ടി വരുന്ന സ്ഥിതി ഇപ്പോഴുണ്ടെന്നും അഭിപ്രായപ്പെട്ടു
പാലിയേക്കര ടോള്‍ പ്ലാസ, കുതിരാനിലെ തുരങ്കം എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ടവരോട് ഇനിയും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരിയില്‍ തുരങ്കത്തിലെ ഒരു ടണല്‍ തുറന്നു കൊടുക്കും. പാലിയേക്കര ടോള്‍ പ്ലാസയിലെ യാത്രാപ്രശ്‌നത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന തിരുവമ്പാടി വിഭാഗം പ്രതിനിധി ചന്ദ്രശേഖരന്റെ ആവശ്യത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നും കലാകാരന്മാരെയും കലകളെയും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നിര്‍ദേശം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.സെപ്റ്റിക് ടാങ്ക് ട്രീറ്റ്‌മെന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി സി രാജേഷ് ചൂണ്ടികാട്ടിയത്. സെപ്റ്റിക് ടാങ്ക് ട്രീറ്റ്‌മെന്റ് സംവിധാനം കേരളത്തില്‍ വളരെ പ്രധാനമായ ഒരു സംഗതിയാണെന്നും ഇതിന്റെ തുടര്‍ നടപടികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ അനുഭവത്തിലൂടെ വികസനം ബോധ്യപ്പെടുത്തിയെന്നും സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ ഇത്തരം തുടര്‍ച്ചകളുണ്ടാവണമെന്നും കഴിഞ്ഞ അഞ്ചുവര്‍ഷം സാംസ്‌കാരിക സുവര്‍ണകാലഘട്ടമാണ് കടന്നുപോയതെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ചൂണ്ടികാട്ടി. സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്നും സിനിമാതിയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാടും തിയറ്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി ഡോ. രാമദാസും അറിയിച്ചു. തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്നും കലാസംസ്‌കാരിക രംഗത്ത് വികസന തുടര്‍ച്ചകളുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തുനിന്നെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും കലക്ടറേറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നുമുള്ള ജമാ അത്ത് ജില്ലാ പ്രസിഡന്റ് ഫൈസല്‍ തങ്ങളുടെ സംവാദത്തിന് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ന്യൂനപക്ഷ ക്ഷേമസെല്ലിന്റെ പ്രവര്‍ത്തനം മികവുറ്റതാക്കുമെന്നും കേരളത്തില്‍ അറബിക് സര്‍വകലാശാലാ രൂപീകരണത്തിനുള്ള സാധ്യത ആരായുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.ആരോഗ്യ രംഗത്തെ വിപുലപ്പെടുത്താന്‍ ആശുപത്രികളില്‍ ക്രിട്ടിക്കല്‍ കെയര്‍ സെന്ററുകള്‍ നിര്‍ബന്ധമായും വേണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ടെലി ഐ സി യു പോലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നുമുള്ള ഡോ. അസീസിന്റെ നിര്‍ദേശത്തോട് മുഖ്യമന്ത്രി യോജിപ്പു പ്രകടിപ്പിച്ചു. ആരോഗ്യരംഗത്തെ പ്രവണതകള്‍ കണ്ടറിഞ്ഞ് പുതിയ രീതികള്‍ അവലംബിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
തൊഴില്‍ദാതാക്കള്‍ക്ക് സമൂഹത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരം ആവശ്യമാണെന്ന ഇസാഫ് പ്രതിനിധി പോള്‍ തോമസിന്റെ ആവശ്യത്തോട് മുഖ്യമന്ത്രി യോജിച്ചു. ഇത്തരം സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യരംഗത്ത് സ്വകാര്യമേഖലയെ കൂടി കൂടുതല്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന അമല, ജൂബിലി മെഡിക്കല്‍ കോളേജ് പ്രതിനിധികളായ ഫാ. ജൂലിയസ്, ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് എന്നിവരുടെ നിര്‍ദേശം പരിഗണിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഔഷധസസ്യ കൃഷിയെ കയറ്റുമതിയ്ക്ക് യോഗ്യമാക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കണമെന്ന് ഡോ. രാമനാഥ് പറഞ്ഞു. ഈ രംഗത്ത് കൂടുതല്‍ ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അതിനുള്ള സാധ്യത ആരായണമെന്നും അദ്ദേഹം വ്യക്തമാക്കി. ആയുര്‍വേദത്തെ പരിപോഷിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വൈദ്യരത്‌നം ഉണ്ണിമൂസും മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ടു ആയുര്‍വേദ വിദഗ്ധരുടെയും ആവശ്യങ്ങള്‍ പ്രസക്തമാണെന്നും ഇത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ പോലെ രാത്രികാലങ്ങളില്‍ ടാറിങ് നടത്തണമെന്നും ഇതിലൂടെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സാധിക്കുമെന്നും വ്യവസായ മേഖലയെ പ്രതിനിധീകരിച്ചെത്തിയവർ പറഞ്ഞു. രാത്രിയിലും ടാറിങ് നടത്താനുള്ള അനുമതി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കണം. ഇതു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാപാരികളും ഉടമകളും കെട്ടിടത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന വാടക വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി പ്രതിനിധി എം ആര്‍ വിനോദ്കുമാര്‍ പറഞ്ഞു.