എറണാകുളം: ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നിലവിലെ ചട്ടപ്രകാരം നിഷ്‌ക്കര്‍ഷിക്കുന്ന സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകള്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ ഉടന്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലങ്ങള്‍ തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കും. ഇതിനായി അതിവേഗ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കോവിഡ് മഹാമാരിയുടെ നടുവിലും അതിവേഗം പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്.

ഇത് മനസിലാക്കാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാരിന് സാക്ഷ്യപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും.