Kerala’s Top 50 Policies and Projects-07
കഴിഞ്ഞ നാലരവർഷത്തിനിടയിൽ കേരളത്തിലെ മാലിന്യസംസ്‌കരണ രംഗത്തുണ്ടായ ഒരു പുതിയ തുടക്കമാണ് ഹരിത കർമ്മസേന. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായതിനാൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതികൾ സ്ഥാപിക്കാനുള്ള കേരളത്തിന്റെ പരിമിതികൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇവ തിരിച്ചറിഞ്ഞുകൊണ്ട് ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കുന്നത് പ്രോൽസാഹിപ്പിക്കുന്ന നയങ്ങളാണ് സർക്കാർ സ്വീകരിച്ചത്. വീടുകളിൽ ഉറവിട മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് തൊണ്ണൂറു ശതമാനം സബ്‌സിഡി സർക്കാരിന്റെ ഭാഗത്തുനിന്നു ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്.
ഈ വിധത്തിൽ ഉറവിട ജൈവമാലിന്യം സംസ്‌കരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടായിരുന്നു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേന രൂപീകരിച്ചു. വീടുകളിൽനിന്നു ഉൾപ്പെടെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ 831 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേന പ്രവർത്തനം തുടങ്ങി.
വീടുകളിൽനിന്നും ഹരിതകർമ്മ സേന പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം ശേഖരിച്ച് സാമഗ്രി ശേഖരണ കേന്ദ്രങ്ങളിൽ (മെറ്റീരിയൽ കളക്ഷൻ സെൻറർ-എം സി എഫ്) എത്തിക്കുന്നു. അവിടെ വെച്ച് മാലിന്യം തരംതിരിച്ച് തദ്ദേശ സ്ഥാപന തലത്തിലുള്ള വിഭവ വീണ്ടെടുപ്പ് കേന്ദ്രങ്ങളിൽ (റിസോഴ്‌സ് റിക്കവറി സെൻറർ-ആർ.ആർ.എഫ്) കൊണ്ടുവരുന്നു. ഇവിടെ വീണ്ടും തരംതിരിച്ച് പുനചംക്രമണത്തിനും റോഡ് ടാറിംഗിനുമൊക്കെയായി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിഭവമായി മാറ്റുകയാണ് ഹരിത കർമ്മ സേന ചെയ്യുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനത്തോടുകൂടി കുടുംബശ്രീയുടെയും ഹരിതകേരളമിഷന്റേയും ശുചിത്വമിഷന്റേയും ക്ലീൻ കേരള കമ്പനിയുടെയും ഒക്കെ ഭാഗമായാണ് ഹരിത കർമ്മ സേന പ്രവർത്തിക്കുന്നത്.
ഹരിതകർമ്മ സേന ടൺ കണക്കിന് മാലിന്യങ്ങളാണ് ഓരോ വർഷവും നീക്കുന്നത്.
മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് കൂടാതെ മണി ഫ്രം വേസ്റ്റ് പദ്ധതിയിലൂടെ വരുമാനം ലഭ്യമാക്കാനും സാധിക്കുന്നു. 26,000 കുടുംബശ്രീ പ്രവർത്തകർക്ക് ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിലൂടെ ചെറിയ വരുമാനം ലഭിക്കുന്നുണ്ട്. വരും വർഷങ്ങളിലും മാലിന്യ സംസ്‌കരണ രംഗത്ത് കാര്യക്ഷമമായ ഇടപെടൽ നടത്താനാണ് ഹരിത കർമ്മ സേന ലക്ഷ്യമിടുന്നത്