ആലപ്പുഴ : സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായതും സർവ്വതല സ്പർശിയുമായ വികസനമെന്നതാണ് സംസ്ഥാന സർക്കാരിന്റെ വികസനകാഴ്ച്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലയിലെ കേരള പര്യടന പരിപാടിയുടെ ഭാഗമായി പ്രിൻസ് കൺവെൻഷൻ സെൻററിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട 4 മിഷനുകൾ സമൂഹത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തി ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ ഈ സർക്കാരിന്റെ കാലത്ത് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി ഏഴ് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ എത്തിയത്.

ആർദ്രം മിഷനിലൂടെ ഉള്ള നേട്ടങ്ങൾ അന്ധാളിപ്പ് ഇല്ലാതെ കോവിഡ് മഹാമാരിയെ നേരിടാൻ കേരളത്തെ സജ്ജമാക്കി. ഈ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതിനൊപ്പം തന്നെ പ്രകടന പത്രികയിൽ പറയാത്ത ഒട്ടേറെ പദ്ധതികളും ഈ കാലയളവിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതികളിൽ 600 ൽ 570 എണ്ണവും നടപ്പാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 30 പദ്ധതികൾ നടപ്പാക്കി വരുന്നു. പദ്ധതികൾ എല്ലാം തന്നെ 4 വർഷ കാലം കൊണ്ട് പൂർത്തീകരിക്കാനാണ് ശ്രമിച്ചത്. എന്നാൽ കോവിഡ് കാലത്തുണ്ടായ ബുദ്ധിമുട്ടുകൾ ഇതിനു തടസ്സമായി. കോവിഡെന്ന മഹാമാരിക്ക് മുന്നിൽ പല രാജ്യങ്ങളും പകച്ചു നിന്നപ്പോൾ നിശ്ചയദാർഢ്യത്തോടെയാണ് കേരളം അതിനെ നേരിട്ടത്.
തരിശ് രഹിത പദ്ധതിയും, സുഭിക്ഷ കേരളം പദ്ധതിയും അടക്കമുള്ളവ ഏറെ ആവേശത്തോടെയാണ് ജനത ഏറ്റെടുത്തത്. ഹരിത കേരളം പദ്ധതി ഉൾപ്പടെ നടപ്പാക്കിയതിലൂടെ കാർഷിക രംഗത്തെ പച്ചക്കറിഉൽപ്പാദനം 7 ലക്ഷം ടണ്ണിൽ നിന്നും 15 ലക്ഷം ടണ്ണിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
വ്യാവസായിക അന്തരീക്ഷത്തിൽ കാതലായ മാറ്റമാണ് ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായത്. ചെറുകിട സംരംഭകർ അടക്കമുള്ളവർക്ക് ഈ സർക്കാർ വലിയ പിന്തുണയാണ് നൽകിയത്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുവാനും സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഇന്ത്യയിൽ കേരളത്തിൻറെ സ്ഥാനം ഒന്നാമത് എത്തിക്കാനും കഴിഞ്ഞു.

വ്യവസായ വികസനത്തിനായി 7 നിയമങ്ങൾ, 10 ചട്ടങ്ങൾ എന്നിവ ഭേദഗതി ചെയ്തു. അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന ഖ്യാതി യിലേക്ക് കേരളത്തെ എത്തിക്കാനായി. കയർ ,,കശുവണ്ടി , കൈത്തറി മേഖലയുടെ ദുരവസ്ഥ മാറ്റി എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. വികസനം , സേവനം എന്നീ കാര്യങ്ങളിൽ ഇത്രമാത്രം വിജയം കൊയ്ത സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ ആണിത് എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി തിലോത്തമൻ, എ എം ആരിഫ് എംപി, എംഎൽഎമാരായ സജി ചെറിയാൻ, ആർ രാജേഷ്, യു പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ്, ആർ നാസർ, സത്യൻ മൊകേരി, ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ, സി ബി ചന്ദ്രബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലയിലെ വിവിധ മേഖലകളിലെ പ്രഗൽഭർ തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.