*കുട്ടികളുമായി മന്ത്രി സംവദിച്ചു

ചരിത്രത്തെ സംബന്ധിച്ച വിലയേറിയ വിവരങ്ങളാണ് പുരാരേഖകളിലുള്ളതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പുരാരേഖകളിലെ വിവരങ്ങള്‍ ചരിത്രത്തെ വളരെക്കാലം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പ് സംഘടിപ്പിച്ച മധ്യവേനല്‍ അവധി ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നോട്ടീസുകള്‍ പോലും നമ്മുടെ കാലഘട്ടത്തെ രേഖപ്പെടുത്തുന്നതാണെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല. ആലപ്പുഴ പട്ടണത്തെക്കുറിച്ച് ഒരു പുസ്തക മെഴുതാന്‍ വേണ്ടി ബന്ധപ്പെട്ട ചരിത്ര രേഖകള്‍ തിരയാനാണ് പുരാരേഖാ ഡയറക്ടറേറ്റില്‍ എത്തിയതെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു.
കൂലി വര്‍ധനയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും താന്‍ രചിച്ച പുസ്തകത്തിലെ ഒരധ്യായം പഴയകാലത്തെ അറുനൂറോളം നോട്ടീസുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി അറിയിച്ചപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയമായി.
കുട്ടികളുമൊത്ത് സെല്‍ഫിയെടുത്തും കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും മന്ത്രി കുട്ടികളൊത്ത് ഒരുമണിക്കൂറോളം ചെലവിട്ടു. പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി. ബിജു സംബന്ധിച്ചു.