Kerala’s Top 50 Projects and Policies-02
പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലെ കുട്ടികൾക്കു പഠനസൗകര്യങ്ങളുടെ അപര്യാപ്തത ഒരു യാഥാർത്ഥ്യമാണ്. ചെറിയ വീടുകളിൽ പരിമിതമായ സൗകര്യങ്ങളിലാണ് ഇവർ താമസിക്കുന്നത് എന്നത് വളർന്നുവരുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് അതിനായുള്ള സൗകര്യങ്ങൾ ഒരുക്കാനും സാധിക്കില്ല. അത് മാറ്റുന്നതിനും ഈ സമൂഹങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുമാണ് പട്ടികജാതി വികസന വകുപ്പ് പഠനമുറി എന്ന നൂതനപദ്ധതി ആവിഷ്‌കരിച്ചത്.
പട്ടികജാതി വിഭാഗങ്ങളുടെ വീടുകളോടുചേർത്ത് പഠനമുറികൾ നിർമ്മിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വാർഷികവരുമാനം ഒരുലക്ഷം രൂപ വരെയുള്ള കുടുംബങ്ങൾക്കാണ് 120 ചതുരശ്രയടിയിൽ കവിയാതെ വീടിനോട് ചേർന്ന് ഒരു മുറികൂടി അധികമായി പണിയുന്നത്. ഇവിടെ കസേര, കമ്പ്യൂട്ടർ, മേശ, അലമാര എന്നിവ വാങ്ങുന്നതിനുൾപ്പെടെ രണ്ടുലക്ഷം രൂപയാണ് നൽകുന്നത്. 2017-18 വർഷത്തിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിത്തുടങ്ങിയത്. ഇതുവരെ 12,500 പഠനമുറികൾ പൂർത്തിയായി.
പട്ടികവർഗവിഭാഗക്കാർ അധികവും കോളനികളിൽ താമസിക്കുന്നതിനാൽ സാമൂഹിക പഠനമുറികളാണ് ഇവർക്കു നിർമ്മിച്ചു നൽകുന്നത്. മേശ, കസേര, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ലൈബ്രറി എന്നീ സൗകര്യങ്ങളെല്ലാം ഇവർക്കായി ഒരുക്കുന്ന പഠനമുറികളിലുണ്ട്. ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടർമാരായി നിയമിച്ചു പ്രത്യേക അലവൻസോടെയാണ് പഠനമുറി പ്രവർത്തിപ്പിക്കുന്നത്. 250 ഊരുകളിൽ ഇപ്പോൾ പഠനമുറികളുടെ പ്രവർത്തനം നടക്കുന്നുണ്ട്.
പട്ടികവർഗസമൂഹത്തിലെ വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസത്തിന് അവസരം സൃഷ്ടിക്കുന്നതിലൂടെ നിശ്ചയദാർഢ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. ദൂരവ്യാപകമായ ഫലങ്ങളാണ് ഇതു പ്രദാനം ചെയ്യുക. സാമൂഹികപിന്നാക്കാവസ്ഥ ഗണ്യമായി പരിഹരിക്കാൻ ഇത് വഴിയൊരുക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വികസനത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും പുതിയ വഴികൾ തുറക്കുകയാണ് കേരളസർക്കാർ.