Kerala’s Top 50 Projects and Policies-04
നമ്മുടെ വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താനായി ശ്രദ്ധേയമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് നാലര വർഷത്തിനുള്ളിൽ സർക്കാർ നടപ്പാക്കിയത്. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ നേരിട്ടിരുന്ന അവസ്ഥയിൽനിന്നു നമ്മുടെ വിദ്യാഭ്യാസരംഗത്തെ കരകയറ്റി മികവിലേക്ക് ഉയർത്താൻ സാധിച്ചു. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ളതല്ല സംരക്ഷിക്കാനുള്ളതാണ് എന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും സുപ്രധാന ആശയം. അതിനുള്ള പ്രവർത്തനങ്ങളാണു മുൻപോട്ടു കൊണ്ടുപോകുന്നത്. പൊതുവിദ്യാലയങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ താഴേത്തട്ടുമുതലുള്ള ഏകോപനം സാദ്ധ്യമാക്കി. കഴിഞ്ഞ മൂന്ന് അക്കാദമികവർഷങ്ങളിലായി 5.05 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിലെത്തി എന്നത് ഈ രംഗത്തെ മാറ്റങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്.
പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാഭ്യാസരംഗത്ത് ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കഴിഞ്ഞു. ക്ലാസുകൾ ഹൈടെക് ആക്കിയതിനു പുറമെ, 34 സ്‌കൂളുകളിൽ അഞ്ചുകോടി രൂപവീതം വിനിയോഗിച്ചു നിർമ്മിച്ച കെട്ടിടങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുന്ന 50 സ്‌കൂളുകൾക്കു നിർമ്മിച്ച പുതിയ കെട്ടിടങ്ങളും ഇതിനകം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. മറ്റു കെട്ടിടങ്ങൾ പൂർത്തിയായിവരുന്നു. ഇതിലൂടെയെല്ലാം മുമ്പൊരിക്കലുമില്ലാത്ത വിധം മുന്നേറാൻ പൊതുവിദ്യാഭ്യാസരംഗത്തിനു സാധിച്ചു.
കോവിഡ്-19 കാലത്തും കുട്ടികളെ കർമ്മനിരതരാക്കാൻ മുഴുവൻ കുട്ടികളെയും ഉൾക്കൊണ്ട് ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്നിനുതന്നെ ആരംഭിച്ചു. പാഠ പുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പുതന്നെ കുട്ടികൾക്കു ലഭ്യമാക്കി. ഇന്ത്യയിൽ ആദ്യമായി കോവിഡ് കാലഘട്ടത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുകയും പരാതികൾക്ക് ഇടവരുത്താതെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. മഹാമാരിക്കാലത്ത് കുട്ടികൾക്കു ഭക്ഷ്യക്കിറ്റ് വീടുകളിലെത്തിച്ചു. എല്ലാ സ്‌ക്കൂളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയാണ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ മുമ്പോട്ടു പോകുന്നത്.