Kerala’s Top 50 Policies and Projects-06
വൈദ്യുതി അഞ്ചു മിനിറ്റ് നഷ്ടപ്പെട്ടാല് ഓരോ കുടുംബവും അനുഭവിക്കുന്ന ബുദ്ധിമുട്ട് നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. അത് തിരിച്ചറിഞ്ഞുള്ള പ്രവര്ത്തനമാണ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില് നടന്നത്. പവര്കട്ടും ലോഡ്ഷെഡിംഗുമില്ലാത്ത നാലര വര്ഷമാണ് കടന്നു പോയത്. 24 × 7 തടസ്സരഹിത വൈദ്യുതി എന്നത് യാഥാര്ത്ഥ്യമാക്കി ജനങ്ങള്ക്ക് ഒരു തടസവുമില്ലാതെ വൈദ്യുതി സേവനം നല്കാന് സാധിച്ചു എന്നത് നേട്ടങ്ങളില് പ്രധാനമാണ്.
ലോഡ്ഷെഡിംഗും പവര് കട്ടും ഇല്ലാത്ത നാലര വര്ഷം എന്നതിലുപരി നാലര വര്ഷത്തിനുള്ളില് 16,77,302 കണക്ഷന് നല്കി. സമ്പൂര്ണ വൈദ്യുതീകരണം നടപ്പാക്കി എന്നതാണ് ഈ സര്ക്കാരിന്റെ മറ്റൊരു സുപ്രധാന നേട്ടം. മുടങ്ങിക്കിടന്ന ഇടമണ്-കൊച്ചി-തൃശൂര്, പുഗലൂര്-മാടക്കത്തറ എച്ച് വി ഡി സി എന്നീ സുപ്രധാന വൈദ്യുതി ഇടനാഴികള് പൂര്ത്തീകരിച്ചു. ഈ മേഖലയില് ഇതോടെ പവര്കട്ടും ലോഡ്ഷെഡിംഗും ഇല്ലാതെയായി.
വൈദ്യുതി കണക്ഷന് ഉള്പ്പെടെ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള് ലഘൂകരിച്ചു. വൈദ്യുതി ബോര്ഡുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് 24 മണിക്കൂര് പ്രവര്ത്തിക്കുന്ന1912 എന്ന കേന്ദ്രീകൃത കസ്റ്റമര് കെയര് നമ്പര് വഴി സേവനം നല്കാന് കഴിഞ്ഞു. വൈദ്യുതി ബോര്ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്ക്കുമായി ഉപഭോക്താക്കള്ക്ക് ഓണ്ലൈന് സംവിധാനം ഏര്പ്പെടുത്തി. വ്യവസായങ്ങള്ക്കുള്ള ഊര്ജ ലഭ്യത മുന്കൂറായി വെളിപ്പെടുത്തുകയും ത്വരിത ഗതിയില് കണക്ഷന് ലഭ്യമാക്കുന്നതിന് ഗ്രീന് ചാനല് സംവിധാനവും ഏര്പ്പെടുത്തി.
ഉപഭോക്തൃസൗഹൃദസ്ഥാപനത്തിനായി കെ എസ് ഇ ബിയെക്കുറിച്ച് അറിയാനും മാറ്റങ്ങള് വരുത്തുന്നതിനുവേണ്ടി സോഷ്യല് ഓഡിറ്റിംഗ് സംവിധാനവും ഉപഭോക്താക്കളുടെ ദീര്ഘകാല തര്ക്കങ്ങള് പരിഹരിക്കുന്നതിനായി ജനകീയ വൈദ്യുതി അദാലത്തും നടത്തി. പ്രളയ കാലത്തും ഓഖി സമയത്തും മിഷന് റീ കണക്റ്റിലൂടെ വൈദ്യുതി സത്വരം പുന:സ്ഥാപിച്ചു. ഇത്തരം നേട്ടങ്ങള് വളരെ കുറഞ്ഞ സമയത്തു തന്നെ നേടിയെടുക്കാന് സാധിച്ചു.