മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഫ്ളാഗ് ഓഫ് ചെയ്തു
നിർഭയ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് നിർഭയ സെല്ലിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിർഭയദിനം മുതൽ മാർച്ച് 8 വനിതാദിനം വരെ ഡബിൾ ഡക്കർ ബസ് ബ്രാന്റിംഗ് നടത്തി. നിയമസഭാ മന്ദിരത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ബസ് ബ്രാന്റിംഗ് ഫ്ളാഗോഫ് ചെയ്തു.
മിത്രയുടെ സൗജന്യഹെൽപ് ലൈൻ നമ്പറായ 181, ഇനിയും നിർഭയമാർ ഉണ്ടാകാതിരിക്കട്ടെ ഇന്ന് അവർക്കു തണലേകാം നാളെ അവർ നമുക്ക് തണലേകും, സുരക്ഷിതമായ കുടുംബം, വിദ്യാലയം, തൊഴിലിടം, മൂല്യാധിഷ്ഠിത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ലിംഗഭേദമില്ലാത്ത സമീപനം, ശക്തമായ നിയമ നടപടികൾ, സാമൂഹിക, മാനസിക പിന്തുണ എന്നീ സന്ദേശങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളിൽ ഡബിൾ ഡെക്കർ ബസുകളിലാണ് ബോധവത്ക്കരണ സന്ദേശങ്ങൾ തുടക്കത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇനിയും നിർഭയമാർ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക പീഡനം, അതിക്രമം, ചൂഷണം തുടങ്ങിയവ തടയുന്നതിന് വേണ്ടി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് നിർഭയ. അതിക്രമങ്ങൾ തടയുന്നതിന് പ്രതിരോധം, സംരക്ഷണം, നിയമനടത്തിപ്പ്, പുനരധിവാസവും പുനരേകീകരണവും എന്നിങ്ങനെയുള്ള നാലു പ്രധാന മേഖലകളിലെ ഇടപെടലുകളാണ് സ്റ്റേറ്റ് നിർഭയസെല് വഴി നടപ്പിലാക്കി വരുന്നത്. വിവിധ ജില്ലകളിലെ 17 നിർഭയ വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിലൂടെ പോക്സോ അതീജീവിതരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിവ സാധ്യമാക്കി വരുന്നു. നിലവിൽ എല്ലാ ഹോമുകളിലുമായി ആകെ നാനൂറോളം കുട്ടികൾ താമസിച്ചുവരുന്നു. ഈ കുട്ടികൾക്ക് കൂടുതലായി ശാസ്ത്രീമായ പരിശീലനം, തൊഴിൽ പരിശീലനം എന്നിവ നൽകുന്നതിലേക്കായി തൃശൂർ ജില്ലയിൽ ഒരു മോഡൽഹോം പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണണെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സബീന ബീഗം എന്നിവർ പങ്കെടുത്തു.