Kerala’s Top 50 Policies and Projects-11
ഏതൊരു സർക്കാരിന്റേയും മുൻഗണനാ മേഖലകളിൽ ഒന്നാണ് കുടിവെള്ളം. എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻവേണ്ടി കഴിഞ്ഞ നാലര വർഷത്തിനിടയിൽ മികച്ച പദ്ധതി നിർവഹണമാണ് കേരള സർക്കാർ നടപ്പാക്കിയിട്ടുള്ളത്. വളരെക്കാലമായി മുടങ്ങിക്കിടക്കുന്നതും പണി പൂർത്തിയാകാത്തതുമായ കുടിവെള്ള പദ്ധതികൾ ജലവിഭവ വകുപ്പിൻ്റെ നേതൃത്യത്തിൽ കേരള വാട്ടർ അതോറിറ്റിയിലൂടെയും ജലനിധിയിലൂടെയും സമയബന്ധിതമായി പൂർത്തിയാക്കാനും കുടിവെള്ള കണക്ഷൻ വേഗത്തിൽ നൽകാനും സർക്കാരിന് സാധിച്ചു.
793.25 കോടി രൂപ പദ്ധതി തുക വരുന്ന 1017 ചെറുകിട കുടിവെള്ള വിതരണ പദ്ധതികളാണ് കഴിഞ്ഞ നാലര വർഷത്തിനിടയിൽ ജലനിധിയിലൂടെ യാഥാർത്ഥ്യമായത്. 1.76 ലക്ഷം കുടുംബങ്ങളിലൂടെ 7.76 ലക്ഷം ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുള്ളത്.
കേരള വാട്ടർ അതോറിറ്റിയിലൂടെ നൂറിലധികം വലിയ പദ്ധതികൾ പൂർത്തിയാക്കുകയോ നിലവിലെ ഉത്പാദന ശേഷി കൂട്ടുകയോ ചെയ്തിട്ടുണ്ട്. 400 എം എൽ ഡിയിൽ അധികം വെള്ളം ജനങ്ങൾക്ക് നൽകാനുള്ള അധികശേഷിയാണ് വാട്ടർ അതോറിറ്റിയുടെ പദ്ധതികളിലൂടെ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ആർജിച്ചത്. 20 ലക്ഷത്തിലേറെ പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത്.
വാട്ടർ അതോറിറ്റിയിലൂടെ ഒൻപത് ലക്ഷത്തിലധികവും ജലനിധിയിലൂടെ 1.76 ലക്ഷവും ഉൾപ്പെടെ പുതിയ 10 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാൻ സാധിച്ചത് സർക്കാരിന്റെ നേട്ടമാണ്. 2018ലും 2019ലും കേരളത്തിൽ പ്രളയമുണ്ടായ സമയത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള ത്വരിത നടപടിയും കേടായ കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിച്ചതും ജനങ്ങൾക്കിടയിൽ ജലവിഭവ വകുപ്പിന്റേയും സർക്കാരിന്റേയും സ്വീകാര്യത വർധിപ്പിച്ചു.
2018ലെ പ്രളയം 483 കുടിവെള്ള പദ്ധതികളെയാണ് പ്രതികൂലമായി ബാധിച്ചത്. ഉത്പാദനശേഷി 50 ശതമാനത്തിലധികം നഷ്ടപ്പെടുകയുമുണ്ടായി. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ഇതിൽ 90 ശതമാനവും പുന:ക്രമീകരിക്കാനും ജനങ്ങൾക്ക് കുടിവെള്ളം കൃത്യമായി ലഭ്യമാക്കാനും സർക്കാരിന് സാധിച്ചു. കോവിഡിന്റേയും കടുത്ത വേനലിന്റേയും പ്രളയത്തിന്റേയും സമയത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കി ജനങ്ങൾക്ക് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റേയും കരുത്ത് പകരാനും കേരള സർക്കാരിനായി.