കൊല്ലം:   സംസ്ഥാനതല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കൊല്ലം ജില്ല ഏറ്റവും താഴ്ന്ന നിരക്കായ 6.66 ല്‍ എത്തി. നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് സാമ്പിള്‍ 6100 ആയിരിക്കെ 6204 സാമ്പിളുകള്‍ ശേഖരിച്ചു. (101.7 ശതമാനം). സാമ്പിള്‍ പരിശോധനയില്‍ 385 പേര്‍ മാത്രമാണ് പോസിറ്റീവ്. 5394 കേസുകളാണ് നെഗറ്റീവ് ആയത്. 421 റിപ്പീറ്റ് സാമ്പിളുകളും പരിശോധിച്ചു. 2314 ആണ് ടെസ്റ്റ് പെര്‍മില്യന്‍.

ഡിസംബര്‍ 30 ന് 60 ശതമാനം കോവിഡ് പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 70 ശതമാനത്തിലധികം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഞായറാഴ്ച 327 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 423 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 322 പേര്‍ക്കും  ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.