തൃശ്ശൂര്‍: ചേറ്റുവ അഴിമുഖത്തിന്റെ തെക്ക് ഭാഗത്തെ തീരശോഷണത്തിന് തടയിടാൻ തുറമുഖ വകുപ്പ്. ഇതിന്റെ ഭാഗമായി ചേറ്റുവ അഴിമുഖത്ത് തുറമുഖ വകുപ്പിന്റെ നേതൃത്വത്തിൽ പുലിമുട്ടുകളുടെ നിർമ്മാണം ആരംഭിച്ചു.ചേറ്റുവ അഴിമുഖത്തിന് തെക്ക് ഭാഗത്ത് ഏകദേശം ഒന്നര കിലോ മീറ്റർ നീളത്തിൽ തീരം അതിവേഗത്തിൽ കടലെടുത്തു പോവുകയും അവിടെ ഉണ്ടായിരുന്ന വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. തീരശോഷണത്തിന് പരിഹാരം കാണണമെന്ന ഏങ്ങണ്ടിയൂർ പഞ്ചായത്ത് അധികൃതരുടെയും പ്രദേശവാസികളുടെയും അഭ്യർത്ഥന പ്രകാരം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേറ്റുവ അഴിമുഖത്തിന് തെക്ക് ഭാഗത്തായി മൂന്ന് ചെറിയ പുലിമുട്ടുകൾ നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നത്.
കിഫ്ബി ധനസഹായം നൽകി നിർമാണം ആരംഭിച്ചിച്ചിട്ടുള്ള പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്നത് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പാണ്. മൂന്ന് പുലിമുട്ടുകളിൽ ആദ്യത്തെ പുലിമുട്ട് 150 മീറ്റർ നീളത്തിലും രണ്ടാമത്തെയും മൂന്നാമത്തെയും പുലിമുട്ടുകൾ 75 മീറ്റർ നീളത്തിലുമാണ് നിർമ്മിക്കുന്നത്. കടൽത്തീരങ്ങളിൽ സാധാരണ നിർമ്മിക്കാറുള്ള കരിങ്കൽ ഭിത്തിയ്ക്ക് ഉപയോഗിക്കുന്ന കല്ലുകൾക്ക് പുറമെ നാലിരട്ടി വിസ്തൃതിയുള്ള കല്ലുകൾ മുകളിൽ നിരത്തിയാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്.
നിർമ്മാണത്തിനായി കൊണ്ടു വരുന്ന കല്ലുകൾ ‘വേ’ ബ്രിഡ്ജിൽ അടയാളപ്പെടുത്തിയ ശേഷമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പുലിമുട്ടിനും അനുബന്ധ പ്രവർത്തനത്തിനുമായി 6.86 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ചേറ്റുവ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷന്റെ കീഴിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചേറ്റുവ അഴിമുഖത്തിന് തെക്ക് ഭാഗത്ത് പുതിയതായി തീരം വെക്കുകയും നിലവിലെ തീരശോഷണത്തിന് പരിഹാരം ലഭിക്കുകയും ചെയ്യും.