തൃശ്ശൂര്‍:  കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി ‘ഒരു നെല്ലും ഒരു മീനും’ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗിക വിളവെടുപ്പ് നടന്നു. കാറളം പഞ്ചായത്തിലെ വെള്ളാനി കോൾ പാടശേഖരത്തിൽ നടന്ന ഭാഗിക വിളവെടുപ്പിൽ ഒരു ടൺ മത്സ്യമാണ് ലഭിച്ചത്. 58.46 ഹെക്ടർ പാടശേഖരമാണ് ഇവിടെയുള്ളത്. കട്ല, റൂഹു തുടങ്ങിയ കാർപ്പ് വിഭാഗത്തിൽപ്പെടുന്ന ഏകദേശം 175380 മത്സ്യകുഞ്ഞുങ്ങളെ ഇവിടെ നിക്ഷേപിച്ചിരുന്നു. വിളവെടുപ്പ് ഉദ്ഘാടനം കെ യു അരുണൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു.

തദ്ദേശീയ മത്സ്യ ആവശ്യങ്ങൾക്കായി ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനകീയ മത്സ്യകൃഷി. കാറളം, കാട്ടൂർ, വടക്കാഞ്ചേരി, പുത്തൂർ, കോർപ്പറേഷൻ എന്നിവിടങ്ങളിലായി ജില്ലയിൽ 7000 ഹെക്ടർ പാടശേഖരങ്ങളാണുള്ളത്. കഴിഞ്ഞവർഷം അതിൽ 2000 ഹെക്ടർ പാടശേഖരങ്ങളിലാണ് ഫിഷറീസ് വകുപ്പ് മത്സ്യകൃഷിയിറക്കിയത്.

പുതുതായി മത്സ്യകൃഷി ഇറക്കിയിട്ടില്ലെങ്കിലും നെൽകർഷകർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുകൾ ഇല്ലാതെ തദ്ദേശ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി ടി ജയന്തി, വെള്ളാനി കോൾപാട കർഷകസംഘം പ്രസിഡന്റ് കെ എച്ച് അബൂബക്കർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, അക്വാകൾച്ചർ പ്രമോട്ടർ അനിൽകുമാർ മംഗലത്ത്, നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി ഡി ലിസി, ഇരിങ്ങാലക്കുട ബ്ലോക്ക് മെമ്പർമാർ,കാറളം, കാട്ടൂർ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.