എറണാകുളം: സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി – മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ ചൊവ്വാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊച്ചി – മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയായതോടെ സംസ്ഥാനത്തിൻ്റെ വ്യാവസായിക വളർച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എൽ.പി.ജി, പെട്രോൾ, ഡീസൽ വിലവർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ആശ്വാസമാകും. എൽ.പി.ജിയെക്കാൾ ഏറെ സുരക്ഷിതവുമാണ് പ്രകൃതിവാതകം. വ്യവസായ ശാലകൾക്ക്‌ ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത് സംസ്ഥാനത്ത് വ്യാവസായിക കുതിപ്പ് സാധ്യമാക്കും.
അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ള ഇന്ധനമായതുകൊണ്ട് പരിസ്ഥിതി സൗഹാർദ്ദമായ പ്രകൃതി വാതകം ഹരിത ഇന്ധനം എന്നാണ് അറിയപ്പെടുന്നത്.

വെല്ലുവിളികളെ നേരിടാൻ കേരളാ മോഡൽ
മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ വീതിയിലാണ് ഉപയോഗ അവകാശത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്. എന്നാൽ കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്ററായി ചുരുക്കിയെങ്കിലും പിന്നീട് 10 മീറ്റർ ആയി പരിമിതപ്പെടുത്തേണ്ടിവന്നു. എങ്കിലും നിർമ്മാണ സമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ വീതിയിൽ വിളകൾക്കുള്ള നഷ്ടപരിഹാരം നല്കി. നഷ്ടപരിഹാരം നൽകുന്നത് ഗെയിൽ ആണങ്കിലും അത് നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ പ്രതിഷേധങ്ങൾക്ക് അയവ് വരുത്തി.
10 സെൻ്റിൽ താഴെ മാത്രം ഭൂമിയുള്ളവർക്ക് അതിൽ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി, ഉപയോഗ അവകാശം രണ്ട് മീറ്ററായി ചുരുക്കിയതു കൂടാതെ ആശ്വാസ ധനമായി അഞ്ച് ലക്ഷം രൂപയും കൊടുത്തു. സ്ഥലത്തിന്റെ നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകൾക്കുള്ള നഷ്ടപരിഹാരവും ഉയർത്തി. പിന്നീട് മറ്റ് സംസ്ഥാനങ്ങളും വിജയകരമായ ഈ കേരള മോഡൽ നടപ്പിലാക്കി തുടങ്ങി.
ഭൂവുടമകളുടെ ആശങ്ക അകറ്റാൻ പോലീസ് കർമ്മ സേന
സ്ഥലം ഏറ്റെടുക്കൽ, നഷ്ടപരിഹാരം,
സുരക്ഷ എന്നിവയെ സംബന്ധിച്ചുള്ള ഭൂവുടമകളുടെ ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 40 അംഗങ്ങൾ അടങ്ങിയ പോലീസ് കർമ്മസേന രൂപീകരിച്ചു. പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘങ്ങളായി പദ്ധതി പ്രദേശത്തെ ഭൂവുടമകളെ കാണുകയും നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ഭൂവുടമകളുടെ ആശങ്കകൾ ദുരീകരിക്കുകയും ദൗത്യം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.
പദ്ധതി കടന്നു പോകുന്ന പല പ്രദേശങ്ങളും വെള്ളക്കെട്ടുകളാണ്. ഇത്തരം പ്രദേശങ്ങളിലും മറ്റു ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്ങിലൂടെയാണ് (എച്ച്.ഡി.ഡി) പൈപ് സ്ഥാപിച്ചത്. 300 മീറ്റർ മുതൽ 2000 മീറ്റർ വരെ ദൈർഘ്യമുള്ള ഇത്തരം 96 തുരങ്കങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നിർമ്മാണം നടത്താൻ സാധിക്കുന്നത് ഒക്ടോബർ മുതൽ മെയ് വരെയാണ്. എന്നാൽ
തൃശ്ശൂരിലെ കോൾ പാടങ്ങൾ ഉൾപ്പടെയുള്ള പാടശേഖരങ്ങളിൽ കൃഷിയുള്ളതിനാൽ കൊയ്ത്തു കഴിഞ്ഞുള്ള ഫെബ്രുവരി മുതൽ മെയ് വരെയുള്ള നാലു മാസം മാത്രമാണ് നിർമ്മാണത്തിന് ലഭിക്കുന്ന സമയം.
പാടശേഖരങ്ങളിൽ ഭാരമേറിയ യന്ത്രങ്ങൾ താഴ്ന്നു പോകുന്നത് വലിയ പ്രതിസന്ധിയായിരുന്നു. അത്തരം പ്രദേശങ്ങളിൽ മഡ് മാറ്റ് നിരത്തി അതിനു മുകളിലൂടെ യന്ത്രങ്ങൾ കൊണ്ടുപോയി നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.
ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് തണ്ണീർ തടത്തിലായിരുന്നതിനാൽ അവിടെ നിർമ്മാണത്തിന് നിയമതടസം നേരിട്ടപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് പൊതു പദ്ധതികൾക്ക് നിർമ്മാണ പ്രവർത്തനം സാധ്യമാകും വിധം സംസ്ഥാന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് നിയമതടസം മറികടന്നു.
20l8ലെ പ്രളയവും 2019ലെ മഴക്കെടുതിയും പദ്ധതിയുടെ പുരോഗതിയെ സാരമായി ബാധിച്ചു. നിരവധി യന്ത്രസാമഗ്രികൾ വെള്ളത്തിനടിയിലായി കേടുപാടുകൾ സംഭവിച്ചതിനാൽ പുതിയ യന്ത്ര സാമഗ്രികൾ കൊണ്ടുവരേണ്ടി വന്നു. മലപ്പുറം, കാസർഗോഡ്, മംഗലാപുരം പ്രദേശങ്ങളിലെ ചെങ്കുത്തായ മലകളിലും പൈപ്പ് സ്ഥാപിക്കുന്ന ജോലി ദുഷ്ക്കരമായിരുന്നു. കോവിഡ് കാലത്ത് തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ ക്യാമ്പുകൾ എടുത്തു. തൊഴിലാളികളെ മാറ്റി പാർപ്പിച്ചു . അന്യസംസ്ഥാന തൊഴിലാളികളിൽ ആർക്കും നാട്ടിലേക്ക് പോകേണ്ടി വന്നില്ല. പദ്ധതിയുടെ പ്രവർത്തനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മുന്നോട്ടു കൊണ്ടു പോകുവാൻ ജില്ലാ കളക്ടർമാർ പ്രത്യേക അനുവാദവും നൽകി.