ജൈവവൈവിധ്യ ലോകത്തിന്റെ ചരിത്രം പറയാന്‍ തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദര്‍ശന വസ്തുക്കളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാന രൂപം സജ്ജീകരിച്ച് ഒരുക്കിയ അന്യം നിന്ന ജീവികളുടെ ഗ്യാലറി, ജന്തു-ഭൗമശാസ്ത്രപരമായി വേര്‍തിരിക്കപ്പെട്ട സസ്തനികളുടെ ഗ്യാലറി എന്നിവ മ്യൂസിയത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്.

പ്രദര്‍ശ വസ്തുക്കളുടെ വിശദ വിവരങ്ങളടങ്ങിയ ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. ഗവേഷകര്‍ക്കായി 2226 പക്ഷികളുടെയും നിരവധി ഉഭയജീവികളുടെയും പഠന സ്‌പെസിമനുകളടങ്ങിയ റെപ്പോസിറ്ററിയും ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ശീതികരിച്ച മ്യൂസിയത്തില്‍ ഭിന്നശേഷി സൗഹൃദയത്തിന്റെ ഭാഗമായി സ്റ്റെയര്‍ ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറരക്കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്.

നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ-മ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വനം മന്ത്രി കെ. രാജു വിശിഷ്ടാതിഥിയാകും.