എറണാകുളം:  രാജ്യത്തെ പദ്ധതി നിര്‍വ്വഹണ ചരിത്രത്തില്‍ തന്നെ പുതിയ ഒരു അധ്യായമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചതോടെ എഴുതിച്ചേര്‍ക്കപ്പെട്ടത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്‌ലൈന്‍ അനവധി പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സാക്ഷാല്‍കൃതമാകുന്നത് രാജ്യത്തിന് തന്നെ ഒരു ബഹുമതിയാണ്. പദ്ധതി നിര്‍വ്വഹണത്തില്‍ കേരളത്തിന്റെയും കേരള ഗവണ്‍മെന്റിന്റെയും കരുത്തും മികവും ഒന്നുകൂടി ലോകത്തിന് മുമ്പില്‍ വെളിവാക്കപ്പെട്ടു.

കര്‍ണാടകയിലെയും കേരളത്തിലെയും ജനങ്ങളുടെ ജീവിതത്തിലും പദ്ധതി വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുക.. ഇരു സംസ്ഥനങ്ങളുടെയും സാമ്പത്തിക വളര്‍ച്ചക്ക് ഒരു നാഴികക്കല്ലാണ് പ്രകൃതി വാതക പൈപ്പ് ലൈന്‍ എന്നാണ് പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാകും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പദ്ധതിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘വണ്‍ നേഷന്‍ വണ്‍ ഗ്യാസ് ഗ്രിഡ്’ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന നാഴികകല്ലാണിതെന്നും പ്രധാനമന്ത്രി ഗെയില്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു സംസ്ഥാനങ്ങളിലെയും ലക്ഷകണക്കിന് ജനങള്‍ക്ക് വീടുകളില്‍ പൈപ്പ് ചെയ്ത പ്രകൃതിവാതകം (പിഎന്‍ജി) വിതരണം ചെയ്യാന്‍ പദ്ധതി സഹായിക്കും, അതേസമയം ഗതാഗത മേഖലയ്ക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതിനും വഴി ഒരുക്കും . വ്യവസായ ശാലകള്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത് വഴി വ്യാവസായിക കുതിപ്പും സാധ്യമാകും . വാതകവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് സഹായിക്കുമെന്നും പ്രധനമന്ത്രി പറഞ്ഞു.

പൈപ്പ്‌ലൈന്‍ പദ്ധതി അതിന്റെ നിര്‍മാണ ഘട്ടത്തില്‍ 12 ലക്ഷത്തിലധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. കേരളത്തില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുകയും കര്‍ണാടകയിലെ മംഗളൂരു ജില്ലയില്‍ അവസാനിക്കുകയും ചെയ്യുന്നു. പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ശൃംഖല അടുത്ത 56 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും നിലവിലെ 1,500 സിഎന്‍ജി സ്‌റ്റേഷനുകള്‍ 10,000 ആയി ഉയര്‍ത്തുമെന്നും പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യക്ക് ഇനി സാവധാനം വികസിക്കാന്‍ കഴിയില്ല. സമീപ വര്‍ഷങ്ങളെ അപേക്ഷിച്ചു രാജ്യം അതിന്റെ വേഗത, അളവ്, വികസനത്തിന്റെ വ്യാപ്തി എന്നിവ വര്‍ദ്ധിപ്പിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു .

ഉദ്ഘാടന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ , കേന്ദ്ര മന്ത്രിമാരായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, ഹൈബി ഈഡന്‍ എം പി , ജില്ലാ കളക്ടര്‍ എസ് സുഹാസ് , കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി എച് നാഗരാജു തജുടങ്ങിയവര്‍ പങ്കെടുത്തു .