തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 8,76,95,000 രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കൂടുതൽ ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കാനാണ് അധിക ധനസഹായമായി തുക അനുവദിച്ചത്.

വൃക്കതകരാർ സംഭവിച്ച് സ്ഥിരമായി ഡയാലിസിസിൽ ഏർപ്പെടുന്നവർ, വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ഹീമോഫീലിയ രോഗികൾ, സിക്കിൾസെൽ അനീമിയ രോഗികൾ എന്നിവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം പദ്ധതി. നാല് സമാശ്വാസം പദ്ധതികളിലായി നിലവിൽ 8874 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

നാല് സമാശ്വാസം പദ്ധതികളാണുള്ളത്. വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് പ്രതിമാസം 1100 രൂപനിരക്കിൽ ധന ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം ഒന്ന്.

സംസ്ഥാനത്ത് വൃക്ക, കരൾ രോഗങ്ങൾ ബാധിച്ചു പ്രസ്തുത അവയവങ്ങൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷവും തുടർ ചികിത്സക്ക് പ്രതിമാസം 1000 രൂപധനസഹായം നൽകുന്ന പദ്ധതിയാണ് സമാശ്വാസം രണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ അഞ്ച് വർഷം വരെയാണ്ധനസഹായം അനുവദിക്കുന്നത്.

രക്തം കട്ട പിടിക്കാൻ ആവശ്യമായ ക്ലോട്ടിംഗ് ഘടകങ്ങളുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതാണ് സമാശ്വാസം മൂന്ന്. വരുമാന പരിധി ബാധകമാക്കാതെ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.

അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപ്പെട്ട രോഗികളാണ് സമശ്വാസം നാലിലെ ഗുണഭോക്താക്കൾ. പ്രതിമാസം 2000 രൂപയാണ് പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്.