കൊല്ലം :കോവിഡ് വാക്‌സിനേഷന്‍റെ മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ ആര്‍ ശ്രീലത അറിയിച്ചു. രണ്ട് ഡോസും കൃത്യമായി എടുത്താലേ പ്രതിരോധം ലഭ്യമാവുകയുള്ളൂ.

മുന്‍ഗണനാ വിഭാഗത്തില്‍
സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണന. മുന്‍നിര കോവിഡ് പ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവകര്‍ക്കും രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവയ്പ് നല്‍കും.
അമ്പത് വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്ക സംബന്ധമായ തകരാര്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗമുള്ള 50 വയസിനു താഴെയുള്ളവര്‍ക്കും തുടര്‍ന്ന് വാക്‌സിനേഷന്‍ നല്‍കും.
ആരൊക്കെ ഒഴിവാകും
ഗര്‍ഭിണികള്‍, 18 വയസിനു താഴെ പ്രായമുള്ളവര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കേണ്ടതില്ല. ഇവരില്‍ ക്ലിനിക്കല്‍ ട്രയല്‍,  ഗവേഷണ പഠനപ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാലാണ്  ഒഴിവാക്കുന്നത്. 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണഘട്ടത്തിലാണ്. കോവിഡ് രോഗം ഭേദമായവര്‍ക്കും വാക്‌സിന്‍ എടുക്കാം.
നൈസര്‍ഗിക പ്രതിരോധത്തേക്കാള്‍ കൂടുതല്‍ കാലം വാക്‌സിന്‍ മൂലമുള്ള പ്രതിരോധം നിലനില്‍ക്കും  എന്നതിനാല്‍ ഇവരും    വാക്‌സിന്‍ എടുക്കുന്നത് അഭികാമ്യമാണ്.
പനി, ചുമ തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ അവ ഭേദമായി രണ്ടാഴ്ച കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. എല്ലാവിധ സുരക്ഷാ മുന്‍കരുതലുമെടുത്ത് വാക്‌സിന്‍ ശീതീകരണ ശൃംഖലയില്‍(കോള്‍ഡ് ചെയിന്‍ സിസ്റ്റം) ഭദ്രമായിട്ടാണ് സൂക്ഷിക്കുന്നത്.
വാക്‌സിനേഷനുവേണ്ടി പ്രത്യേകം രജിസ്‌ട്രേഷന്‍ ചെയ്യണം. ‘കോവിന്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ക്കും മാത്രമേ വാക്‌സിന്‍ ലഭ്യമാകുകയുള്ളൂ. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് നല്‍കും. ക്യാന്‍സര്‍, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഹൈ റിസ്‌ക് ഗ്രൂപ്പ് ആയതിനാല്‍ വാക്‌സിന്‍ എടുക്കുക തന്നെ വേണം. അതുപോലെ പ്രതിരോധശേഷി കുറഞ്ഞവരും വാക്‌സിന്‍ എടുക്കണം.
രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തശേഷം രണ്ടാഴ്ച്ച കഴിയുമ്പോഴേയ്ക്കും ആന്റി ബോഡികള്‍ രൂപപ്പെടുകയും ശരീരത്തില്‍ പ്രതിരോധശേഷി അനുഭവപ്പെടുകയും ചെയ്യും. വാക്‌സിന്‍ വഴി 60 ശതമാനം പ്രതിരോധം സമൂഹത്തിലാകുന്നത് വഴി കോവിഡ് ട്രാന്‍സ്മിഷന്‍ ചെയിന്‍ മുറിക്കാന്‍ കഴിയും.
വാക്‌സിന്‍ എടുക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ ശീലങ്ങള്‍. ഇത് തുടര്‍ന്നും ജാഗ്രതയോടെ പാലിക്കേണ്ടതാണെന്നും ഡി എം ഒ അറിയിച്ചു.