പുരാരേഖകളുടെ അന്താരാഷ്ട്ര നിലവാരത്തിലുളള പഠനം, ഗവേഷണം, ശാസ്ത്രീയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും കേരള സര്‍വ്വകലാശാലയും സംയുക്തമായി ‘ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്റ് ഹെരിറ്റേജ് സെന്ററിന് തുടക്കം കുറിക്കുന്നു. ശാശ്വതമൂല്യമുളള പുരാരേഖകള്‍ ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്ക് ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള 14-ാം നൂറ്റാണ്ട് മുതലുള്ള അമൂല്യമായ രേഖാശേഖരം ഇതിലൂടെ സംരക്ഷിക്കാനാകും.

കേരള സര്‍വ്വകലാശാല ലീസ് എഗ്രിമെന്റ് പ്രകാരം 33-വര്‍ഷത്തേയ്ക്ക് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വകുപ്പിന് അനുവദിച്ച ഒരേക്കര്‍ സ്ഥലത്താണ് സെന്റര്‍ ആരംഭിയ്ക്കുന്നത്. കേരള സര്‍ക്കാര്‍ പദ്ധതി നിര്‍വ്വഹണത്തിനായി നടപ്പ് സാമ്പത്തിക വര്‍ഷ ബജറ്റില്‍ ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മ്യൂസിയങ്ങളുടെ നിര്‍മ്മാണ നോഡല്‍ ഏജന്‍സിയായ കേരളം മ്യൂസിയമാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. സെന്ററിന്റെ ആദ്യഘട്ട നിര്‍മ്മാണം നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.

ആര്‍ക്കൈവ്‌സിന്റെ പക്കലുളള ഒരു കോടിയിലേറെ വരുന്ന താളിയോല രേഖകള്‍ പ്രദര്‍ശിപ്പിക്കുന്ന താളിയോലരേഖാ മ്യൂസിയവും തിരുവനന്തപുരത്ത് സജ്ജമായി വരുന്നു.ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്റ് ഹെരിറ്റേജ് സെന്ററിന്റെ ശിലാസ്ഥാപനം ഏഴിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.

കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി ഹാളില്‍ ചേരുന്ന ചടങ്ങില്‍ പുരാരേഖ മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ഡോ.കെ.ടി.ജലീല്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ എസ്., ശശിതരൂര്‍ എം.പി. എന്നിവര്‍ സംബന്ധിക്കും.