വലിയൊരു ആശയം മുതിര്‍ന്നവരിലേക്കെത്തിക്കാന്‍ നിറക്കൂട്ട് ഒരുക്കുകയാണ് നഗരത്തിലെ ഒരു കൂട്ടം കുട്ടി കൂട്ടുകാര്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം മിഷന്റെ ആശയ പ്രചാരണത്തിനായി അവധിക്കാലം മാറ്റിവയ്ക്കുകയാണ് അവര്‍. ആശ്രാമം വൈറ്റ് ക്യൂബ് ആര്‍ട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിലുള്ള അവധിക്കാല ചിത്രരചനാ ക്യാമ്പിലാണ് അറുപതോളം കുട്ടികള്‍ ചേര്‍ന്ന് ചിത്രരചന നടത്തുന്നത്.
പ്രകൃതിയുടെ പച്ചപ്പ് വരച്ചു ചേര്‍ത്തതിനൊപ്പം നീര്‍ച്ചാലുകളുടെ നിരയും ജലസമൃദ്ധമായ കിണറുകളും കുഞ്ഞു വിരലുകള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തി. പരിസര ശുചിത്വത്തിന്റെ കാഴ്ചകളാണ് കുറച്ചു കൂടി മുതിര്‍ന്ന കുട്ടികള്‍ വരച്ചത്. കുളങ്ങളും തൊടിയും നീരുറവകളും പച്ചക്കറിത്തോട്ടങ്ങളുമൊക്കെ വരകളില്‍ നിറഞ്ഞു.
ഹരിത കേരള മിഷന്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതൊക്കെ കുട്ടികളുടെ വരകളിലൂടെ മുന്നിലെത്തിയത് അപൂര്‍വതയാണെന്ന് ക്യാമ്പ് സന്ദര്‍ശിച്ച മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഐസക്ക് പറഞ്ഞു. കുട്ടികളിലൂടെയുള്ള ആശയപ്രചാരണം വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് ഇവിടെയെത്തിയ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവര്‍ വിലയിരുത്തിയത്.
കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് ക്യാമ്പ് സമാപനവേളയില്‍ പ്രത്യേക എക്‌സിബിഷന്‍ നടത്തുമെന്നും തെരഞ്ഞെടുത്ത പെയിന്റിംഗുകള്‍ ഹരിത കേരളമിഷന്‍ ആശയപ്രചാരണത്തിനായി സൗജന്യമായി നല്‍കുമെന്നും ക്യാമ്പ് ഡയറക്ടര്‍ ഷിമോണ്‍ സുഭാഷ് പറഞ്ഞു. ആര്‍ട്ടിസ്റ്റ് അഞ്ജനയാണ് ക്ലാസുകള്‍ നയിക്കുന്നത്.