എറണാകുളം: അങ്കമാലി ബൈപാസിൻ്റെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ മൂന്നാഴ്ചക്കുള്ളിൽ പൂർത്തീകരിക്കാൻ കളക്ടർ എസ്.സു ഹാസ് നിർദ്ദേശിച്ചു. ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ജനുവരി 27നുള്ളിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണം. ഫെബ്രുവരി 15 നുള്ളിൽ സാമൂഹ്യ ആഘാത പഠനം നടത്തുന്നതിനായി സമിതിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു. ബൈപാസിനായി അങ്കമാലി ,കറുകുറ്റി വില്ലേജുകളിലായി 7.4971 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. യോഗത്തിൽ അങ്കമാലി എം എൽ എ റോജി.എം.ജോൺ, നഗരസഭാ ചെയർമാൻ റെജി മാത്യു, എൽ.എ. ഡപ്യൂട്ടി കളക്ടർ എം.വി.സുരേഷ് കുമാർ കിഫ്ബി തഹസിൽദാർ എം.ജെ. യൂജിൻ തുടങ്ങിയവർ പങ്കെടുത്തു.
