തിരുവനന്തപുരം:നൂറുവര്‍ഷം പഴക്കമുള്ള കുഴിവിള പി.വി എല്‍.പി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ഐ ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കുഴിവിള ഗവണ്‍മെന്റ് പി.വി.എല്‍.പി സ്‌കൂളിനും വിദ്യാഭ്യാസ പ്ലാനിങ് ഫണ്ടില്‍നിന്ന് ഒന്നര കോടി രൂപ അനുവദിച്ചത്. 140 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ചു നാടിനു സമര്‍പ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
സ്‌കൂളിലെ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ സ്‌കൂളിന്റെ പ്രവര്‍ത്തനം ബാലരാമപുരം എച്ച്.എസില്‍ നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
ചടങ്ങില്‍ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അധ്യക്ഷതവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, ജില്ലാ പഞ്ചായത്തംഗം വിളപ്പില്‍ രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഹെഡ്മിസ്ട്രസ് രാധാദേവി.എം, എ.ഈ.ഒ ലീന വി എസ്, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി സുരേഷ് എന്നിവര്‍ പങ്കെടുത്തു