കൊല്ലം:കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. ജില്ലാതല ഡ്രൈ റണ്‍ കൊല്ലം വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ജനുവരി എട്ടിന് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ജില്ലാതല മോണിറ്ററിംഗ് സമിതികളുടെ രൂപീകരണവും നടന്നു.  എല്ലാ ആരോഗ്യബ്ലോക്കുകളിലും  ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കണ്‍വീനര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍, മൃഗസംരക്ഷണ ഓഫീസര്‍, പൊതുമരാമത്ത് നിര്‍മാണ വിഭാഗം അസിസ്റ്റന്റ്         എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ പ്രതിനിധികള്‍, ആരോഗ്യ കേരളം  പി ആര്‍ ഒ, നെഹ്‌റു യുവ കേന്ദ്ര, എന്‍ സി സി, എന്‍ എസ് എസ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായും ലോകാരോഗ്യ സംഘടന, യൂനിസെഫ്, യു എന്‍ ഡി പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ  സംഘടനകള്‍ വികസന പങ്കാളികളും ആയിട്ടാണ് ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സിന്റെ ഘടന.
എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും രണ്ടു ദിവസ പരിശീലനം നല്‍കി.  ഡി എം ഒ ഡോ.ആര്‍.ശ്രീലത, ജില്ലാ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ.ആര്‍ സന്ധ്യ, ആര്‍ സി എച്ച് ഓഫീസിര്‍ ഡോ വി കൃഷ്ണവേണി, ഡി പി എം ഡോ.എസ്.ഹരികുമാര്‍, ഡബ്ല്യൂ എച്ച് ഒ പ്രതിനിധി ഡോ.പ്രതാപ് കുമാര്‍, യു എന്‍ ഡി പി പ്രതിനിധി ഡോ.റോസിന്‍ ജോര്‍ജ് വര്‍ഗീസ്, ഡി ഡി ഇ എം ഒ എസ്.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.