തൃശ്ശൂർ:തീരദേശ നിവാസികൾ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി വേഗത്തിലാക്കുവാൻ അടിയന്തര നടപടി സ്വീകരിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.കയ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളിലെ തീരദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നത്. ക്ഷാമം പരിഹരിക്കുന്നതിനായി നിലവിലെ കുടിവെള്ള വിതരണ സംവിധാനത്തിലെ പോരായ്മകൾ ആദ്യം പരിഹരിക്കും. മൂന്ന്

പഞ്ചായത്തുകളിലേക്കുമായി പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ കൃത്യതയും സമയവും പരിശോധിക്കും.
കുടിവെള്ള ക്ഷാമം മുന്നിൽ കണ്ട് പ്രധാന സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിക്കും. അത്യാവശ്യ ഘട്ടത്തിൽ ടാങ്കർ ലോറി ഉപയോഗിച്ച് വെള്ളം എത്തിക്കും. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലെ പ്രധാന പൈപ്പിലെ ചോർച്ചകളും അടിയന്തരമായി പരിഹരിക്കും. മറ്റു ലൈനുകളിൽ ചോർച്ച അനുഭവപ്പെടുന്നത് പൊതുജനങ്ങൾ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മോഹനൻ, കെ പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ പ്രസീന റാഫി, മോഹനൻ, ജയസുനിൽ രാജ്, പഞ്ചായത്ത് സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു സുഗുണൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബെന്നി ഇ എ, കെ വി ജയകൃഷ്ണൻ, അസിസ്റ്റന്റ്‌ എഞ്ചിനീയർമാരായ
എം പി പ്രജിത, വി ജി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.