തൃശ്ശൂര്‍: വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന ഫിലമെന്‍റ് രഹിത കേരളം പദ്ധതിക്ക് തൃശൂരിലും തുടക്കം. അയ്യന്തോളിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ അംഗനവാടികള്‍ക്കാണ് ബള്‍ബുകള്‍ നല്‍കിയത്. മേയര്‍ എം.കെ. വര്‍ഗീസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തൃശൂര്‍ സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്കാണ് എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കുക. ഓണ്‍ലൈനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ വീടുകളില്‍ ബള്‍ബുകള്‍ നേരിട്ടെത്തിച്ചു കൊടുക്കും. ഇതിനായി പ്രത്യേക സ്ക്വാഡിന് കെ.എസ്.ഇ.ബി രൂപം നല്‍കും. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 10 മുതല്‍ 13 വരെ ബള്‍ബുകള്‍ ലഭിക്കും. *65* രൂപ മാത്രമാണ് ഒരു ബള്‍ബിന് കെ.എസ്.ഇ.ബി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഫിലമെന്‍റ് ബള്‍ബുകളും സി.എഫ്.എല്‍ ശ്രേണിയിലുള്ള ബള്‍ബുകളും കെ.എസ്.ഇ.ബി ഏറ്റെടുക്കും. ഇവ അപകടരഹിതമായി സംസ്കരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്.തൃശൂര്‍ സര്‍ക്കിളില്‍ മാത്രം 95,000 ബള്‍ബുകള്‍ വേണ്ടിവരുമെന്നാണ് കണക്ക്. ഇവിടത്തെ വിതരണത്തിന് ശേഷം മറ്റു സര്‍ക്കിളുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബള്‍ബുകള്‍ നല്‍കും.
പുതിയ രജിസ്ട്രേഷനുകളും താമസിയാതെ സ്വീകരിച്ചു തുടങ്ങും. എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി, വൈദ്യുതി ഉപഭോഗത്തില്‍ വന്‍ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് മൂന്നു വര്‍ഷത്തെ ഗ്യാരന്‍റിയും കെ.എസ്.ഇ.ബി വാഗ്ദാനം ചെയ്യുന്നു. കേടായ ബള്‍ബുകള്‍ സെക്ഷന്‍ ഓഫീസുകള്‍ മുഖേന മാറി നല്‍കും.ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സജിത ഷിബു, തൃശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.ബി സിദ്ധാര്‍ത്ഥന്‍, ഇരിങ്ങാലക്കുട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഡോളിപോള്‍, തൃശൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്യാംപ്രസാദ് എംപി,തൃശൂര്‍ ജനറല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പോളി കെ.പി, തൃശൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.