എറണാകുളം :ജില്ലയിലെ വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിൻ്റെ ഭാഗമായുള്ള ഡ്രൈറൺ വെള്ളിയാഴ്ച നടക്കും. അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി കിൻഡർ ആശുപത്രി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുക. രാവിലെ 9 ന് തുടങ്ങി 11 ന് അവസാനിക്കുന്ന രീതിയിലാണ് ഡ്രൈ റൺ സജ്ജീകരിച്ചിരിക്കുന്നത്.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്ന് 25 ആരോഗ്യ പ്രവർത്തകർ ആണ് ഓരോ കേന്ദ്രത്തിലും ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നത്. വാക്സിൻ വിതരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നടപടിക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമാണോയെന്ന് പരിശോധിക്കുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സംഘമാണ് കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്ന 60000 ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി കഴിഞ്ഞു. ഒരു വാക്‌സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്.

ജില്ലയിൽ വാക്സിൻ സംഭരണത്തിനായി എറണാകുളം ജനറൽ ആശുപത്രിയുടെ വാക്സിൻ സ്റ്റോർ, നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ വാക്സിൻ സ്റ്റോർ, ആലുവ ജില്ലാ ആശുപത്രിയുടെ വാക്സിൻ സ്റ്റോറ് എന്നിവിടങ്ങളിൽ ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇടപ്പളളി റീജിയണൽ വാക്സിൻ സ്റ്റോറിലും വാക്സിൻ സംഭരണത്തിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വാക്സിനേഷനാവശ്യമായ കോൾഡ് ചെയിൻ സാധനങ്ങൾ, ഐ.എൽ.ആർ, വാക്സിൻ കാരിയറുകൾ, കോൾഡ് ബോക്സ്, ഐസ്പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്.

മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കുന്നത്. ഒരോ വാക്സിനേഷൻ കേന്ദ്രത്തിലും വാക്സിനേഷൻ ഓഫീസർ ഉൾപ്പെടെ 5 ആരോഗ്യപ്രവർത്തകർ ഉണ്ടാകും. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തിരഞ്ഞെടുക്കുന്നത്‌. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികൾ ഒരു വാക്‌സിനേഷൻ സൈറ്റിൽ ഉണ്ടായിരിക്കും.കുത്തിവയ്‌പ്പ് നൽകിയ ശേഷം കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും.

കുത്തിവയപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കും. വാക്സിൻ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷൻ സൈറ്റിൽ സജ്ജീകരിക്കും. ആരോഗ്യ പ്രശ്നങ്ങളിലെങ്കിൽ വീട്ടിലേക്ക് തിരികെ അയക്കുകയും, കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ തുടർന്നും പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും.