* ‘നോ ഹോണ്‍’ ദിനാചരണം സംഘടിപ്പിച്ചു
ശബ്ദമലിനീകരണം കുറയ്ക്കാന്‍ ആവശ്യമായ തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഓരോ ജില്ലയിലും ഒരു റോഡെങ്കിലും ‘നോ ഹോണ്‍’ മാതൃകാറോഡുകളാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ദിനാചരണത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ ബോധവത്കരണത്തിന് മുന്‍തൂക്കം നല്‍കുമെന്നും അത് കഴിഞ്ഞാല്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന ഹോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാതടപ്പിക്കുന്ന ശബ്ദമുള്ള പാട്ടുകളാണ് പല കോണ്‍ട്രാക്ട് കാര്യേജുകളിലും കേള്‍പ്പിക്കുന്നത്. ഇത് തടയാന്‍ വകുപ്പ് ഇതിനുള്ള സജ്ജീകരണങ്ങളുള്ള പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. ശബ്ദം അന്തരീക്ഷം മലിനമാക്കുന്നതിനൊപ്പം ഗുരുതര രോഗാവസ്ഥകളും സൃഷ്ടിക്കുമെന്ന് നാം തിരിച്ചറിയണം. 48 ശതമാനം ഡ്രൈവര്‍മാരും അമിതശബ്ദം തുടര്‍ച്ചയായി കേട്ട് കേള്‍വിക്കുറവുള്ളവരാണെന്നാണ് പഠനങ്ങള്‍. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ഡ്രൈവര്‍മാരുടെയും തൊഴിലാളി സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. സി. ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍, ഐ.എം.എ., ഐ.ജി പി. വിജയന്‍, മുന്‍ ദേശീയ പ്രസിഡന്റ് ഡോ. എ. മാര്‍ത്താണ്ഡപിള്ള, ചലച്ചിത്രനടന്‍ ദിനേശ് പണിക്കര്‍, ഐ.എം.എ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മോട്ടോര്‍ വാഹന വകുപ്പ്, കേരള പോലീസ്, ഐ.എം.എ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആറ്റുകാല്‍ ക്ഷേത്രം, പാലം ജുമാ മസ്ജിദ്, വേങ്കോട് സി.എസ്.ഐ ചര്‍ച്ച് എന്നിവയെ ശബ്ദസുരക്ഷ പാലിക്കുന്ന ആരാധനാലയങ്ങളായി ചടങ്ങില്‍ ആദരിച്ചു. പെയിന്റിംഗ്, നെയിം ദി മാസ്‌കറ്റ് മത്‌സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.
സേഫ് സൗണ്ട് സ്റ്റുഡന്റ്‌സ് വോളണ്ടിയര്‍മാരായ സരസ്വതി വിദ്യാലയ, സര്‍വോദയ വിദ്യാലയ, എല്‍.എന്‍.സി.പി, ഐ.എം.എ മെഡിക്കല്‍ സ്റ്റുഡന്റ് നെറ്റ്‌വര്‍ക്ക് എന്നിവയിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.