കാസര്‍ഗോഡ്: കോവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഓരോ മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 ഹ്രസ്വ ഡോക്യുമെന്ററികള്‍ ഒരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി പ്രശസ്ത നാടക പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ ഗോപി കുറ്റിക്കോലും സംഘവുമാണ് ഡോക്യുമെന്ററികള്‍ ഒരുക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ സമൂഹത്തെ കൂടുതല്‍ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഐ ഇസി കോവിഡ് 19 കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണിത്.
ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം നുള്ളിപ്പാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു നിര്‍വ്വഹിച്ചു. കോവിഡ് പ്രതിരോധത്തില്‍ കാസര്‍കോട് ജില്ല നേടിയ നേട്ടത്തിന് പിന്നില്‍ ഇത്തരം ബോധവല്‍ക്കരണ പരിപാടികളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ഡോ. ജനാര്‍ദ്ദന നായ്ക് അടക്കമുള്ളവര്‍ ഡോക്യുമെന്ററിയില്‍ വേഷമിടുന്നുണ്ട്.
ജയന്‍ മോഹനാണ് അസിസ്റ്റന്റ് ഡയറക്ടര്‍. സുനില്‍ പുലരിയും സംഘവും ക്യാമറ കൈകാര്യം ചെയ്യുന്നു. ഉദയന്‍ കാടകം, നെപ്ട്യൂണ്‍ ചൗക്കി, അനാമിക, അനു, ഋതുവര്‍ണ തുടങ്ങിയവര്‍ വേഷമിടുന്നു. സ്വിച്ച്ഓണ്‍ കര്‍മ്മ ചടങ്ങില്‍ ഗോപി കുറ്റിക്കോല്‍ സ്വാഗതം പറഞ്ഞു. ഡോ. ജനാര്‍ദ്ദന നായ്ക്, പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി, റോട്ടറി ക്ലബ്ബ് ജില്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എം.കെ. രാധാകൃഷ്ണന്‍, അശോകന്‍ കുണിയേരി, സന്തോഷ് സകരിയ, അജയന്‍ കയ്യൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.